മാത്യു കുഴൽനാടൻ എം.എൽ.എയും എറണാകുളം ഡി.സി.സി. പ്രസിഡന്റുമടക്കം 13 പേർ അറസ്റ്റിൽ.

Print Friendly, PDF & Email

കോതമം​ഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും അടക്കം അടക്കം 13 പേർ അറസ്റ്റിൽ. കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് മാത്യു കുഴൽനാടൻ എം എൽ എ യും എറണാംകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും അടക്കം 13 പേരെ ബലം പ്രയോഗിച്ച് സമരപന്തലിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പ്രവർത്തകർ എറിഞ്ഞു തകർത്തു.

കാട്ടാനയുടെ ആക്രമണത്തിൽ കോതമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര ഇന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമം​ഗലം ടൗണില്‍ നടുറോഡിൽ വന്‍ പ്രതിക്ഷേധം ആണ് നടന്നത്. പിന്നീട് പോലീസ് പ്രതിക്ഷേധക്കാരുടെ കൈയ്യില്‍ നിന്ന് മൃതദേഹം ബലമായി പിടിച്ചെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് മാത്യു കുഴൽനാടൻ എം.എൽ.എയുടേയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ഏഴുമണിയോടെ ആരംഭിച്ചു. ഈ സമരപന്തലില്‍ നിന്നാണ് രാത്രി 11 മണിയോടെ അപ്രതീക്ഷിതമായി പോലീസ് എത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എയേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ തുടങ്ങി ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളും കൂടാതെ, അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക, ഔദ്യോഗിക കൃത്യനിർവഹനത്തിനു തടസം സൃഷ്ടിക്കുക, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുക തുടങ്ങിയ ജാമ്യം കിട്ടാത്ത ഐപി സി 143, 147, 353, 454, 149, 297 വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. ഒരു കാരണവശാലും കോടതി കുഴല്‍നാടന് ജാമ്യം കൊടുക്കരുത് എന്ന പിടിവാശി കുഴല്‍നാടനുമേല്‍ ചുമത്തിയ വകുപ്പുകളിൽ നിന്ന് വ്യക്തം. പുലര്‍ച്ചെ 2.30നോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ഇന്ന് 11 മണിക്ക് ഹാജരാകണമെന്ന് കാട്ടി കോടതി ഇടക്കാല ജാമ്യം നല്‍കിയത് എങ്ങനെ എങ്കിലും കുഴല്‍നാടനെ അകത്താക്കണമെന്ന് തീരുമാനിച്ചുറച്ച പോലീസിനും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തിനും തരിച്ചടിയായി.

ആശുപത്രിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ വൈകുന്നേരം 7മണിയോടെ കേസെടുത്തപ്പോള്‍ റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ മറ്റൊരു കേസും എടുത്തു. ഇതോടെ, കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര പെട്ടന്നുതന്നെ തന്നെ അറസ്റ്റുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അതിനാല്‍ അറസ്റ്റിനെ പ്രതിരോധിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ്സിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അത് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.