സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ കമ്മിഷനെ നിയോ​ഗിച്ച് ​ഗവർണർ; റിപ്പോർട്ട് മൂന്നുമാസത്തിനകം.

Print Friendly, PDF & Email

ഗവര്‍ണര്‍ നേരിട്ട് അന്വേഷണകമ്മീഷനെ അത്യപൂര്‍വ്വ നടപടിക്ക് കേരളം സാക്ഷി. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഹൈക്കോടതിയില്‍നിന്ന്‌ വിരമിച്ച ജഡ്ജ് ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വയനാട് മുന്‍ ഡിവൈ.എസ്.പി. വി.ജി. കുഞ്ഞന്‍ അന്വേഷണത്തില്‍ ജസ്റ്റീസിനെ സഹായിക്കും.

ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയിച്ചിരുന്നു. ഇതേത്തടുര്‍ന്ന് കോടതി ഗവര്‍ണര്‍ക്ക് നല്‍കിയ വിരമിച്ച ജഡജിമാരുടെ പേരുകളില്‍ നിന്നാണ് ജസ്റ്റിസ് എ. ഹരിപ്രസാദിനെ ഗവര്‍ണര്‍ തിരഞ്ഞെടുത്തത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

സിദ്ധാര്‍ത്ഥന്‍ മരണപ്പെടുവാനുള്ള സാഹചര്യം, ഡീനടക്കമുള്ള കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എന്നിവയെക്കുറിച്ചെല്ലാം കമ്മിഷന്‍ അന്വേഷിക്കും. സംഭവം തടയുന്നതില്‍നിന്ന് വൈസ് ചാന്‍സലറുടെ ഭാഗത്തുണ്ടായ വീഴ്ചയും കമ്മിഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരിക്കും. ഭാവിയില്‍ സര്‍വകലാശാലയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ശുപാര്‍ശ ചെയ്യുവാനും കമ്മീഷനെ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം.