അബുദാബിയില്‍ സ്‌ഫോടനം രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ക്ക് തീപിടിച്ചു. ഡ്രോണ്‍ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തു. തങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതി വിമതര്‍ അറിയിച്ചത്. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സറേയി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി സ്ഫോടനം ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്നും ഇത് നടത്തിയവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും യു.എ.ഇ. വ്യക്തമാക്കി. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദസംഘങ്ങൾക്കാവില്ലെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.