പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾക്കു സൈന്യത്തിനു കൂലി നല്‍കണമെന്ന്‌ കേന്ദ്രസർക്കാർ

Print Friendly, PDF & Email

പ്രളയകാലത്തു കിട്ടിയ അരിക്ക് മാത്രമല്ല രക്ഷാപ്രവർത്തനങ്ങൾക്കു വന്ന സൈന്യത്തിനും പണം കൊടുക്കാൻ ആവശ്യപ്പെട്ടു കേന്ദ്രസർക്കാർ.  രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് കൂലി  സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ നിന്ന്  നൽകണമെന്നാണ് നിർദേശം. വ്യോമസേനയ്ക്കുൾപ്പെടെ നൽകേണ്ട തുക കേന്ദ്രസർക്കാർ വഹിക്കണമെന്ന കേരളത്തിന്റെ ആവശ്യം  തള്ളിയാണ്  കേന്ദ്രത്തിന്റെ നടപടി.

സൈന്യം അവരുടെ ചിലവുകള്‍  എയർഫോഴ്‌സ് അക്കൗണ്ട്‌സ് ഡയറക്ടേറ്റിനാണ് നൽകുക. അവരാണ് ബില്ല് സംസ്ഥാനത്തിന് കൈമാറുന്നത്. അതു പ്രകാരം എയർ ഫോഴ്‌സ് അക്കൗണ്ട്‌സ് ഡയറക്ടറേറ്റിൽനിന്ന് ഓഗസ്റ്റ് 11 വരെയുള്ള 33.79 കോടി രൂപയുടെ ബില്ലാണ് ഇപ്പോള്‍ നൽകിയിരിക്കുന്നത്‌. ഓഖി ദുരന്തസമയത്ത് ഉയോഗിച്ച ഹെലികോപ്ടറിന്റെ തുകയായി 5.63 കോടി രൂപ അടക്കം ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് കേന്ദ്രം അനുവദിക്കുന്ന തുകയിൽ നിന്ന് നൽകണമെന്നാണ് കത്തിലെ നിർദേശം. ഓഗസ്റ്റ് 11 ശേഷവും രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് സൈനിക വിമാനവും സൈനിക സേവനവും മറ്റും തുടര്‍ന്നിട്ടുണ്ട്. അതിന്റെ ചിലവും കൂടി കണക്കാക്കിയാല്‍ അടുത്ത ഘട്ട ബില്ലു വരുമ്പോള്‍ തുക ഇനിയും വളരെ കൂടും എന്ന് കരുതപ്പെടുന്നു.

ഹെലികോപ്ടറുകളും വിമാനങ്ങളുമുൾപ്പെടെ 56 എണ്ണമാണ് പ്രളയസമയത്ത് കേരളത്തിൽ പറന്നത്. തിരുവനന്തപുരം, കോയമ്പത്തൂർ, ചെന്നൈ, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവ പറന്നുയർന്നത്. അവിടെ മുതലുള്ള ചെലവാണ് കേരളം നൽകേണ്ടത്. ഒരു ഹെലികോപ്ടർ ഒരുമണിക്കൂർ പറക്കാൻ മൂന്നുലക്ഷം രൂപ വരെയാണ് ചെലവ്. പ്രളയസമയത്ത് എം.ഐ.-17, ഐ.എൽ-76, വി-5, സി.ജെ. ഹെർക്കുലീസ് പോലുള്ള വലിയ വിമാനങ്ങളും കേരളത്തിലെത്തിയിരുന്നു. ഇതനുസരിച്ച് കണക്കാക്കുമ്പോൾ ഇപ്പോൾ ലഭിച്ച ബില്ലിന്റെ ഇരട്ടിയോളമെങ്കിലും കേരളം നല്‍കേണ്ടി വരും.

പ്രളയകാലത്ത് റേഷൻ നൽകിയ ഇനത്തിലും പണം നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതും രക്ഷാപ്രവർത്തനത്തിന് വിമാനം ഉപയോഗിച്ചതിലുമായി കേന്ദ്രസർക്കാരിന് 290 കോടി രൂപ നൽകാനുണ്ട്‌. എന്നാൽ, ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായി ചോദിച്ചിട്ടും 600 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ.

സാലറി ചലഞ്ചിലടക്കം 2683.18 കോടിരൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇതിൽ 688.48 കോടി രൂപ ചെലവായി. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നിർമാണത്തിന്  1357 കോടി രൂപ വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ മുഴുവൻ ഫണ്ട് ഉപയോഗിച്ചാലും ബാധ്യത തീർക്കാനാവാത്ത സ്ഥിതിയാണ് ഉള്ളത്. 706.74 കോടി രൂപകൂടി ലഭിച്ചാലേ നിലവിലെ ബാധ്യതയെങ്കിലും തീര്‍ക്കകാനാകൂ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares