ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

Print Friendly, PDF & Email

പി.എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ പ്രഖ്യാപിച്ചു. നടത്തിയത്. ഇത് രണ്ടാം ഊഴമാണ് ശ്രീധരന്‍ പിള്ളക്ക് അദ്ധ്യക്ഷസ്ഥാനം. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളിയതോടെയാണു ശ്രീധരന്‍ പിള്ളയ്ക്കു നറുക്ക് വീണത്. ഇരുവിഭാഗത്തിലുള്ള ആരെ പരിഗണിച്ചാലും ഗ്രൂപ്പ് പോര് വര്‍ദ്ധിക്കാനെ അത് ഇടയാക്കൂ എന്ന വിലയിരുത്തലിലാണ് അമിത് ഷാ. ആര്‍.എസ്.എസ് നേതൃത്വവും കേരളത്തിലെ ഗ്രൂപ്പ് പോരിനെ കുറിച്ച് വിശദമായി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പൊതുസമ്മതിയാണ് ശ്രീധരന്‍ പിള്ളയെ തുണച്ചത്. നേരത്തെ പ്രസിഡന്റ് പദവിയിലിരുന്നപ്പോള്‍ എല്ലാവരെയും ഒരുമിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞതും ആര്‍.എസ്.എസ് നേതൃത്വവുമായുള്ള ബന്ധവും അദ്ദേഹത്തിന് അനുകൂലഘടകമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുക്കാനുള്ള സംഘടനാപരമായ നേതൃഗുണം ശ്രീധരര്‍ പിള്ളക്കുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലവില്‍ മിസോറം ഗവര്‍ണറുടെ ചുമതല വഹിക്കുന്ന കുമ്മനം രാജശേഖരനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തിലേക്കു തിരികെ കൊണ്ടുവരാനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കുവാനും ബിജെപിയില്‍ നീക്കമുണ്ട്. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.