പുതിയ പാര്‍ലിമെന്‍റ് മന്ദിരത്തിലേക്ക് ഗൃഹപ്രവേശം നാളെ.
പുതിയ പാര്‍ലിമെന്‍റ് മന്ദിരം കഴിഞ്ഞ മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചുവെങ്കിലും നാളെയാണ് ഗൃഹപ്രവേശം. നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങളിൽ നിന്നറിയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.
തൃകോണാകൃതിയില്‍ ആധുനിക ശൈലിയിലും സൗകര്യങ്ങളിലും പണുത പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്തക്ക് ഏറെ പ്രത്യേകതകളാണുള്ളത്. ആകെ നാലു നിലകളുള്ള സെന്‍ട്രല്‍ വിസ്തയുടെ ഒരു നില ഭൂമിക്കടിയിലും ഒന്ന് ഭൂനിരപ്പിലും രണ്ടു നിലകള്‍ ഭൂമിക്കു മുകളിലുമാണ് ഉള്ളത്. 64,500 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള മന്ദിരത്തിന് ജ്ഞാനദ്വാർ, ശക്തിദ്വാർ, കർമ്മദ്വാർ എന്നീ മൂന്ന് പ്രധാന കവാടങ്ങൾ ആണുള്ളത്. സെൻട്രൽ ഹാളിന് പകരമായ സെൻട്രൽ ലോഞ്ച് ദേശീയ വൃക്ഷമായ ആൽമരത്തിന്റെ തീമിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.പ്രധാനമായും രണ്ട് ചേംബറുകളാണുള്ളത്. ലോക്‌സഭാ ചേംബറും രജ്യസഭാ ചേംബറും. 3015 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോക്‌സഭാ ചേംബറില്‍ ഒരു സീറ്റിൽ രണ്ടുപേർ എന്ന രീതിയില്‍ 888 എംപിമാർക്ക് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നു. 3220 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള രാജ്യസഭാ ചേംബറില്‍ 384ൽ എംപിമാര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ സീറ്റുകളിലും ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്ട്രോണിക് പാനൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മേൽക്കൂരയിൽ ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരമുള്ള വെങ്കലത്തിൽ തീർത്ത കൂറ്റൻ അശോകസ്‌തംഭം ആണു ഉള്ളത്.
അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആർക്കിടെക്ച്ചറിൽ ബിരുദവും 1988ൽ മാസ്റ്റേഴ്സ് ബിരുദവും 1995ൽ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിൽ നിന്ന് പിഎച്ച്ഡിയും നേടിയ ഗുജറാത്ത് സ്വദേശി ബിമൽ പട്ടേലാണ് പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ പ്രധാന ആര്‍കിടെക്ട്. 230 കോടിയോളം രൂപയാണ് ബിമൽ പട്ടേലിന്റെ കമ്പനിക്ക് കൺസൾട്ടൻസി സേവനത്തിന് ലഭിക്കുന്നത്.