സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാൻ പൊതു താല്പര്യ ഹർജി

Print Friendly, PDF & Email

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി എന്ന പദവിയില്‍നിന്നു സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ വന്ന ഹര്‍ജിയില്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ 1989 സെപ്റ്റംബറില്‍ സിപിഐഎമ്മിനു നല്‍കിയ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഹര്‍ജി സ്വീകരിച്ച കോടതി അടുത്ത മാര്‍ച്ച് 28നു വാദം കേള്‍ക്കാനായി മാറ്റി. ജോജോ ജോസ് എന്നയാളാണു ഹര്‍ജി നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ അപേക്ഷ 2016 ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വാദന്യായങ്ങള്‍ പരിഗണിക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ അതു തള്ളിയതെന്നാണു ഹര്‍ജിയില്‍ പറയുന്നത്.

സിപിഐഎമ്മിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനയുമായി പൂര്‍ണമായി കൂറു പുലര്‍ത്തുന്നില്ലെന്നാണു വാദം. തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിയും വ്യാജമായവ കാട്ടിയുമാണു സിപിഐഎം റജിസ്‌ട്രേഷന്‍ നേടിയെടുത്തത്. സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായാണു പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.
1989 സെപ്റ്റംബറില്‍ സിപിഐഎം പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Leave a Reply