ചരിത്ര നിമിഷം… വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി.
രാജ്യത്തെ സ്ത്രീശക്തിക്ക് പുതിയ അധ്യായമെഴുതി പുതിയ പാര്‍ലമെന്റില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. 6 ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്ന ബില്‍ 2 നെതിരെ 454 എംപിമാര്‍രുടെ പിന്തുണയോടെയാണ് പാസ്സായത്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പാർട്ടിയിലെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു. അസദുദ്ദീൻ ഉവൈസി ബില്ലിൽ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. സ്ലിപ്പ് നൽകിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. നാളെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും. നിയമസഭകളുടെ പിന്തുണ തേടേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് ലോക്സഭയില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റുകളുടെ മൂന്നിലൊന്നും ബില്ലില്‍ സ വനിതകള്‍ക്കായി സംവരണം ചെയ്യുന്നുണ്ട്. പൂര്‍ണ സംസ്ഥാനപദവിയില്ലാത്ത ഡല്‍ഹിയിലെ നിയമസഭയിലും സമാനമായ സംവരണമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമേ നടപ്പാക്കാന്‍ കഴിയൂ എന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈനിയമം നിലവില്‍ വന്നശേഷം നടക്കുന്ന പുതിയ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരിക്കും മണ്ഡല പുനര്‍നിര്‍ണയം. അതേസമയം, 2026 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ചിരിപ്പിക്കുകയുമാണ്. അതനാല്‍ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും നടപ്പാകാന്‍ ഏറെ കാത്തിരിക്കേണ്ടി വരും.
ബില്‍ കൊണ്ടുവന്ന രീതിക്കെതിരെയും വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുയര്‍ന്നത്. വനിത സംവരണ ബില്ലില്‍ നിന്ന് ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് സോണിയ ഗാന്ധിയാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. വനിത സംവരണ ബില്ലില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപസംവരണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പാർലമെന്റിൽ ഇത് വോട്ടിനിട്ട് തള്ളി. ജാതിസെന്‍സെസ് ആവശ്യം ഉയര്‍ത്തിയ സോണിയ ഗാന്ധി ബില്‍ വൈകുന്നത് സ്ത്രീകളോടുള്ള അനീതിയാണെന്ന് പറഞ്ഞു. പിന്നീട് സംസാരിച്ച സമാജ് വാദി പാര്‍ട്ടിയടക്കമുള്ള കക്ഷികളും സംവരണത്തിനുള്ളില്‍ ഉപസംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചു. സെന്‍സെസും, മണ്ഡല പുനര്‍ നിര്‍ണ്ണയവും പൂര്‍ത്തിയാകും വരെ സംവരണത്തിനായി കാത്തിരിക്കാനാവില്ലെന്നും ബില്‍ മോദി ഷോ മാത്രമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുറന്നടിച്ചു.
ഏഴ് മണിക്കൂര്‍ നേരം ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി കടുത്ത പ്രതിരോധമാണ് ഉയര്‍ത്തിയത്. ബില്ലില്‍ അവകാശവാദം ഉന്നയിച്ച ബിജെപി, പ്രതിപക്ഷത്തിന്‍റെ പിന്നാക്ക സ്നേഹം നാട്യമാണെന്ന് പരിഹസിച്ചു.
സെന്‍സെസും മണ്ഡല പുനർനിർണയവും നടത്താതെ ബിൽ നടപ്പാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ബില്ല് ബിജെപിയുടേതെന്ന് സോണിയാ ഗാന്ധിയെ തിരുത്തി മന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചു.
അതേസമയം ഒബിസി ന്യൂനപക്ഷ സംവരണം ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് പ്രചാരണമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. സഖ്യത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ബിഎസ്പിയുടേതടക്കം പിന്തുണ ഉറപ്പാക്കി പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം പ്രചാരണം തുടങ്ങാനാണ് നീക്കം.