കേരളം കാത്തിരിക്കുന്നു. രണ്ടു കോടതി വിധികള്‍ക്കായി.
സുപ്രധാന രണ്ട് കോടതി വിധികള്‍ക്കായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ജലന്ധർ ബിഷപ്പായിരിക്കെ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോട്ടയം സെഷൻസ് കോടതി ജഡ്ജ് ജഡ്ജി ജി. ഗോപകുമാർ ഇന്ന് പുറപ്പെടുവിക്കുന്ന വിധിയാണ് ആദ്യത്തേത്. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നൽകിയ പീഡന കേസാണിത്. മാനഭംഗം തെളിഞ്ഞാൽ ഫ്രാങ്കോയ്ക്ക് പത്തു വർഷമെങ്കിലും തടവുശിക്ഷ ലഭിക്കാം. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം അടക്കം പത്തു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഫ്രാങ്കോ വിചാരണ നേരിട്ടത്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2014നും 2016നും ഇടയിൽ കുറവിലങ്ങാട് നാടുകുന്ന് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ഭഗൽപൂർ രൂപത ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും മറ്റ് 11 വൈദികരും തിരുവസ്ത്രം ഉപേക്ഷിച്ചവരടക്കം 25 കന്യാസ്ത്രീകളും മൊഴി രേഖപ്പെടുത്തിയ 10 മജിസ്‌ട്രേട്ടുമാരും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ ചെയ്യപ്പെട്ടു. 122 പ്രമാണങ്ങളും നാല് തൊണ്ടി മുതലും പ്രോസിക്യൂഷൻ തെളിവുകളായി ഹാജരാക്കിയ കേസില്‍ ഫ്രാങ്കോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ ഭാരത ക്രൈസ്തവ സഭകളില്‍ പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്ക സഭയില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് അത് വഴിവക്കുക.

ചുമത്തിയ വകുപ്പുകളും അവക്കുള്ള ശിക്ഷയും
സെക്ഷൻ 342: അന്യായമായി തടഞ്ഞുവയ്ക്കൽ (ഒരു വർഷം കഠിന തടവും പിഴയും),
സെക്ഷൻ 376 (സി) (എ): അധികാര ദുർവിനിയോഗം വഴി ലൈംഗികമായി ഉപയോഗിക്കൽ.
സെക്ഷൻ 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (പത്തു വർഷത്തിൽ കുറയാത്ത തടവും പിഴയും).
സെക്ഷൻ 506(1): ഭീഷണിപ്പെടുത്തൽ (7 വർഷം കഠിന തടവ്)
സെക്ഷൻ 376(2)(കെ): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക (7 വർഷത്തിൽ കുറയാത്ത കഠിന തടവും പിഴയും),
സെക്ഷൻ 376 (2)(എൻ): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുക (പത്തു വർഷത്തിൽ കുറയാതെ തടവും പിഴയും).

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ ഹൈകോടതിയില്‍ സമര്‍പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്ന രണ്ടാമത്തെ കേസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്‍റെ വാദം. ഭീഷണി കേസ് പോലീസിന്റെ കള്ളകഥ ആണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം കോടതി നിക്ഷേധിച്ചാല്‍ ദിലീപിന്‍റെ അറസ്റ്റിലേക്കും രണ്ടാംവട്ടം ജയില്‍ വാസത്തിലേക്കുമായിരിക്കും അത് വഴിവക്കുക.