ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

Print Friendly, PDF & Email

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീയുടെപരാതിയിലുണ്ടായിരുന്നു..നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്. 2018 സെപ്റ്റംബര്‍ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാന്‍ഡ് ചെയ്തു. 5968-ാം നമ്പര് തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുദിച്ചു. തുടര്‍ന്ന് 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം. എല്ലാറ്റിനുമൊടുവിൽ വിധിയും.

വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി എസ്. ഹരിശങ്കര്‍. കേസില്‍ അപ്പീലിന് പോകുമെന്നും ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിചേര്‍ത്തു.

പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി എന്ന് പീഢനത്തിനിരയായ കന്യാസ്ത്രീക്കൊപ്പം നിന്ന സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ ഇന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസിൽ തീർച്ചയായും അപ്പീൽ പോകുമെന്നും മഠത്തിൽ നിന്ന് തന്നെ പോരാട്ടം തുടരും കന്യാസ്ത്രീകൾ ആവർത്തിച്ചു. സഭക്കുള്ളിൽ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്ക് നന്ദിയറിയിച്ച സിസ്റ്റർ അനുപമ വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്.