ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യത്തിന് സ്വാതന്ത്ര ദിനത്തോടെ തുടക്കം കുറിക്കും.

Print Friendly, PDF & Email

2018 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യത്തിന് തുടക്കമാവുകയാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലോ, അതിന് തൊട്ടുമുമ്പോ മനുഷ്യനുമായുള്ള ഗഗൻയാന്‍ പ്രയാണത്തിന്‍റെ ഡമ്മി പരീക്ഷണം നടത്തുന്നതോടെയാണ് ബഹിരാകാശ മനുഷ്യദൗത്യത്തിന് തുടക്കമാവുക. ദൗത്യത്തിന് മുമ്പുള്ള രണ്ട് ഡമ്മി പരീക്ഷണങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ നടത്തുന്നത്. പദ്ധതിപ്രകാരം അടുത്ത വർഷം മനുഷ്യനെ കയറ്റിയുള്ള ഗഗന്‍യാന്‍ ബഹിരാകാശേത്തേക്ക് കുതിക്കുന്പോള്‍ അമേരിക്ക, റഷ്യ, ചെെന എന്നിവർക്ക് ശേഷം ബഹിരാകാശത്ത് സ്വന്തം ശക്തികൊണ്ട് മനുഷ്യരെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ഏറ്റവും ശക്തിയേറിയ ജിഎസ്എല്‍വി എംകെ-3 റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായ ഹ്യൂമൻറേറ്റഡ് റോക്കറ്റാണ് പരീക്ഷണത്തിന് ഉപയോഗിക്കുക. യാത്രികരുടെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും ചേർന്ന ഗഗൻയാൻ പേടകത്തിന് 8000 കിലോ ഭാരമുണ്ട്. പേടകം ഭൗമാന്തരീക്ഷത്തിൽ തിരികെ പ്രവേശിക്കുമ്പോഴുണ്ടാകുന്ന കൊടും ചൂട് അതിജീവിക്കാനായി സഞ്ചാരികള്‍ ഇരിക്കുന്ന ക്രൂ മൊഡ്യൂളിന് ഇരട്ട ഭിത്തിയാണുണ്ടാവുക. സെക്കൻഡിൽ 7.8കിമീ വേഗതയിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. ബംഗാൾ ഉൾക്കടലിലോ, അറബിക്കടലിലോ ആണ് ക്രൂമൊഡ്യൂള്‍ തിരിച്ചിറക്കുക. ലാൻഡിംഗ് സ്ഥാനം കപ്പലിലുള്ള രക്ഷാസേന നിർണയിച്ച് രണ്ടു മണിക്കൂറിനകം യാത്രികരെ കപ്പലിലെത്തിക്കും. അടിയന്തര സാഹചര്യത്തിൽ അവർക്കു രണ്ടു ദിവസത്തോളം പേടകത്തിൽ തന്നെ കഴിയാനുമാകും. ഇതെല്ലാമാണ് ഡമ്മി പരീക്ഷണത്തിൽ പരീക്ഷിക്കപ്പെടുക.

.