കേബിള്‍, ചാനല്‍ രംഗത്ത് വീണ്ടും മാറ്റങ്ങളുമായി ട്രായി
നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ നിന്ന് വൻ മാറ്റങ്ങളുമായാണ് ട്രായിരംഗത്ത്. പേ ചാനൽ അടക്കം ഇഷ്ടപ്പെ 100 ചാനലുകൾ പ്രതിമാസം 153.40 രൂപക്ക് (ജിഎസ്ടി ഉൾപ്പെടെ) ലഭിക്കുമെന്നതാണ് പുതിയ ഉത്തരവിൽ പറയുന്നത്. നേരത്തെ 130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ഫ്രീ ടു എയർ ചാനലുകൾ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് 100 ചാനലുകളിൽ പേചാനലുകളും പുതുതായി ഉൾപ്പെടുത്തുകയായിരുന്നു. അതേസമയം, നിരക്ക് 130 ൽ നിന്ന് 153.40 രൂപയായും ഉയർത്തി. ട്രായി ഉത്തരവ് പ്രകാരം പുതിയ പാക്കേജിലേക്ക് ജനുവരി 31നകം മാറേണ്ടതുണ്ട്. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്.
നിരക്കുകളും ലഭിക്കുന്ന ചാനലുകളെ കുറിച്ചും വിശദമായി അറിയാൻ ടെലികോം കമ്പനികളുമായി അന്വേഷണം നടത്താം. ഇഷ്ടപ്പെട്ട 100 ചാനലുകളിൽ എച്ച്ഡി ചാനലുകൾ ലഭിക്കില്ല. എന്നാൽ എച്ച്ഡി ചാനലുകളും തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നാണ് ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു എസ് ഡിചാനലുകൾക്ക് ഒരു എച്ച്ഡി ചാനൽ മാത്രമാണ് ലഭിക്കുക. ഇതോടെ ലഭിക്കുന്ന ചാനലകളുടെ എണ്ണം കുറയുമെന്ന് ചുരുക്കം.
അതേസമയം, ട്രായിയുടെ മറ്റൊരു ഉത്തരവ് ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ചു എന്നതാണ്. ഇതോടൊപ്പം നിരക്കുകൾ, ലഭിക്കുന്ന ചാനലുകൾ എന്നിവയെ കുറിച്ചു വിശദമായ റിപ്പോർട്ട് നൽകാനായി 999 നമ്പറിൽ പ്രത്യേകം ചാനൽ ഉൾപ്പെടുത്താനും കേബിൾ, ഡിടിഎച്ച് സേവനദാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പുതിയ സ്കീമിലേക്ക് മാറിയില്ലെങ്കിൽ?
പുതിയ ഉത്തരവ് പ്രകാരം ജനുവരി 31 നു മുൻപ് നിലവിലെ ഉപയോക്താക്കൾ ചാനലുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാൽ ജനുവരി 31 നു മുൻപ് ചാനലുകൾ തിരഞ്ഞെടുത്തില്ലെങ്കിലും പഴയ സ്കീം പ്രകാരം കണക്‌ഷൻ ലഭിക്കുമെന്നാണ് ട്രായി അറിയിച്ചിരിക്കുന്നത്. പുതിയ പ്ലാനിലേക്ക് മാറുന്നില്ലെങ്കിൽ പഴയ നിരക്ക് തന്നെ നൽകിയ കേബിളും ഡിടിഎച്ചും ഉപയോഗിക്കാം. എന്നാൽ അധികം വരുന്ന പേ ചാനലുകൾക്ക് ഓരോന്നിനും പ്രത്യേകം പണം നൽകേണ്ടി വരും.
ഡിടിഎച്ച്, കേബിൾ ഓപ്പറേറ്റർമാരെല്ലാം പുതുക്കിയ ചാനൽ നിരക്കുകൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി, സിതി കേബിൾ, ഡെൻ നെറ്റ്‌വർക്ക് എന്നിവരെല്ലാം പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു.
ഉപയോക്താക്കൾ അറിഞ്ഞിരിക്കണ്ട 4 കാര്യങ്ങൾ പുതിയ നിർദേശമനുസരിച്ച് ടിവി ചാനലുകൾ ലഭ്യമാക്കാൻ കേബിൾ ഓപ്പറേറ്റർമാർക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സർവീസുകൾക്കും ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചു. പേ ചാനലുകളുടെയും ഫ്രീ ടു എയർ ചാനലുകളുടെയും പട്ടികയിൽ നിന്ന് ഉപയോക്താക്കൾക്ക് ജനുവരി 31 വരെ ഇഷ്ടചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. ഫെബ്രുവരി 1ന് പുതിയ വരിസംഖ്യാനിരക്ക് പ്രാബല്യത്തിലെത്തും. ചാനലുകൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാലും മറ്റും ഒട്ടേറെ കുപ്രചാരണങ്ങൾ നടക്കുന്നതിനാൽ ഉപയോക്താക്കളുടെ തെറ്റിദ്ധാരണകൾ മാറാനാണു കൂടുതൽ സമയം അനുവദിക്കുന്നതെന്ന് ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു.
വരിക്കാർ എന്തുചെയ്യണം? ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാൽ വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കുന്നത് ഉപയോക്താവായിരിക്കും. 100 ചാനലുകളാണ് അടിസ്ഥാന പാക്കേജിൽ 153.40 രൂപയ്ക്കു ലഭിക്കുക. ഇതിൽ 26 ചാനലുകൾ ദൂരദർശന്റെ ചാനലുകളായിരിക്കും. സൗജന്യ (ഫ്രീ ടു എയർ) ചാനലുകൾ, പേചാനലുകളുടെ പട്ടികയിൽനിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കൾ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകൾ പേ ചാനലുകളാണെങ്കിൽ അവയുടെ കൂടി വരിക്കാരാകണം.
ഇതിനായി ചാനൽ ഉടമകൾ ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ നോക്കാം. പേ ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികൾ നിശ്ചയിക്കുന്ന ബൊക്കെകളിൽ (ചാനലുകളുടെ പ്രത്യേക പായ്ക്ക്)നിന്ന് ഇഷ്ടമുള്ളവ മാത്രംതിരഞ്ഞെടുക്കാനും സാധിക്കും.
74 സൗജന്യ ചാനലുകളും ആവശ്യമുള്ള അധിക ചാനലുകളും തീരുമാനിച്ചെങ്കിൽ സേവനദാതാക്കളുടെ കസ്റ്റമർ കെയർ നമ്പറിൽ ജനുവരി 31 വരെ വിളിച്ച് ചാനലുകളുടെ പട്ടിക പറയാം. ഫ്രീ ടു എയർ ചാനലുകളുടെ പട്ടികയോ, പേ ചാനലുകളുടെ പട്ടികയോ (വില ഉൾപ്പടെ) ആവശ്യമുണ്ടെങ്കിൽ ട്രായ് വെബ്സൈറ്റിനെ ആശ്രയിക്കാം. അല്ലെങ്കിൽ കേബിൾ– ഡിടിഎച്ച് സേവനദാതാക്കളുടെ സ്വന്തം ചാനലിൽ, ഇവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.
വില കൂടുമോ കുറയുമോ?
ഉപയോഗിക്കുന്നതിനുമാത്രം വില നൽകാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനം നൽകുന്നതിനാൽ മിക്കവർക്കും പ്രതിമാസ വരിസംഖ്യ കുറഞ്ഞേക്കും. എന്നാൽ കൂടുതൽ പേ ചാനലുകളെല്ലാം വാങ്ങേണ്ടിവരുന്നവർക്ക് മാസവരി കൂടും. നിശ്ചിത വിലയ്ക്ക് കേബിൾ, ഡിടിഎച്ച് സേവനദാതാക്കൾ തീരുമാനിക്കുന്ന പാക്കേജുകളല്ല ഇനി ലഭിക്കുന്നത്. സുതാര്യമായ രീതിയിൽ വില പ്രസിദ്ധീകരിച്ച, ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പാക്കേജുകളാണ്. ട്രായ് നിർദേശത്തിനു മുന്നോടിയായി പേ ചാനലുകൾ നിരക്കു കുറച്ചിട്ടുമുണ്ട്. കേബിൾ ഓപ്പറേറ്റർമാർക്കും ഡിടിഎച്ച് കമ്പനികൾക്കും വിവധ ചാനൽ പാക്കേജുകളും നിരക്കുകളും പ്രഖ്യാപിക്കാനാകും.
വില കൂടിയ പേ ചാനലുകൾ ആവശ്യമുള്ള സമയത്തുമാത്രം തിരഞ്ഞെടുക്കാനുള്ള അവസരവും ഉപയോക്താവിനുണ്ട്. ഉദാഹരണത്തിന് ഉയർന്ന നിരക്കുള്ള സ്പോർട്സ് ചാനലുകൾ ഏതെങ്കിലും ടൂർണമെന്റ് നടക്കുന്ന പ്രത്യേക സീസണിലേക്കു മാത്രമായി തിരഞ്ഞെടുക്കാം. ചാനലുകൾ കേബിൾ, ഡിടിഎച്ച് നെറ്റ്‌വർക്കുകളിൽ ഉൾപ്പെടുത്താനുള്ള ക്യാരേജ് ഫീസും പുതിയ ചട്ടപ്രകാരം കുറയും.