അഭയ കേസ്: സുപ്രധാന വെളിപ്പെടുത്തലുമായി കോണ്‍സറ്റബിള്‍

Print Friendly, PDF & Email

സിസ്റ്റര്‍ അഭയ കേസില്‍ ആദ്യം തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിച്ചതായി മൊഴി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ കോണ്‍സ്റ്റബിളായിരുന്ന എംഎം തോമസാണ് സിബിഐ പ്രത്യേക കോടതിയില്‍ ഈ സുപ്രധാന മൊഴി നല്‍കിയത്. അന്നത്തെ എഎസ്‌ഐ വിവി അഗസ്റ്റിന്‍റെ നിര്‍ബ്ബന്ധ പ്രകാരമാണ് താന്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ബ്ബന്ധിതനായതെന്ന് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി. അഭയയുടെ മരണം നടന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അടുക്കളയില്‍ അവരുടെ ശിരോവസ്ത്രം, ചെരിപ്പ്, വാട്ടര്‍ ബോട്ടില്‍, കോടാലി എന്നിവ കണ്ടിരുന്നതായും തോമസ് മൊഴി നല്‍കി. വിചാരണയ്ക്കിടെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറിയത് ഈ വിഷയത്തിലായിരുന്നു. സിസ്റ്റര്‍ അനുപമയുടെ കൂറുമാറ്റം സോഷ്യല്‍ മീഡിയകളില്‍ ശക്തമായ വിമര്‍ശനത്തിന് കാരണമായിരുന്നു.

കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്. യഥാര്‍ത്ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നല്‍കിയിരുന്നു. 2008ല്‍ വിവി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അഭയ കേസ് അട്ടിമറിക്കാന്‍ ക്രൈം ബ്രാഞ്ച് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചതായി ദൃക്സാക്ഷി രാജു ഏലിയാസ് (അടയ്ക്ക രാജു) കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അഭയയുടെ കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ പണവും പാരിതോഷികവും നല്‍കാമെന്നു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണു രാജു നല്‍കിയിരിക്കുന്ന മൊഴി.