മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ.

Print Friendly, PDF & Email

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകള്‍ പൂർണമായും തകർന്നു. 2.21 ലക്ഷം വീടുകള്‍ക്ക് ഭാഗികമായി തകര്‍ന്നു. പൂർണമായും വീടുകകള്‍ തകർന്നവർ‍ക്കും 75 ശതമാനം കേടുപാടുകള്‍ സംഭവിച്ചവർക്കും പുനർ നിർമ്മാണത്തിന് സർക്കാർ നാല് ലക്ഷം രൂപ നൽകും. പ്രളയത്തില്‍ 114 അംഗനവാടികള്‍ പൂര്‍ണ്ണമായും ആയിരത്തോളം അംഗനവാടികള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവ പുനര്‍നിര്‍മ്മിക്കാന്‍ 90 കോടി രൂപയാണ് ഏകദേശം ചെലവ് വേണ്ടി വരും.

സംസ്ഥാനത്ത്  ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 1,848 പേരാണ് ക്യാമ്പുകളിലുളളത്. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു. ബാക്കി പണം ഗുണഭോക്താക്കള്ക്ക് കൈമാറാനായി കളക്ടർക്ക് ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. 11,618 അപേക്ഷകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചു. 7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. നാലു വര്‍ഷം വരെ തിരിച്ചടവ് കാലാവധി.

പ്രളയത്തില്‍ 3,600 ഓളം കറവ പശുക്കള്‍ ചത്തുപോയിട്ടുണ്ട്. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവര്‍ക്ക് വായ്പ ലഭ്യമാക്കാനും സഹായിക്കും. അതേസമയം,  പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി അനുവദിക്കുന്ന  ബാങ്ക് വായ്പ പദ്ധതിയില്‍ വിവേചനമുണ്ടാകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ച ശേഷം  അയല്‍ക്കൂട്ടങ്ങള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നില്ലെന്നാണ് പരാതി.  അടിയന്തര സഹായമായ പതിനായിരം രൂപ ലഭിക്കാത്ത അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും വായ്പ നിഷേധിക്കുന്നെന്നും പരാതിയുണ്ട്. പ്രളയമേഖലകളില്‍ വലിയ ആശ്വാസമാകുമെന്ന് കരുതിയ ഈ വായ്പാ പദ്ധതി പക്ഷേ താഴെതട്ടില്‍ വലിയ തരംതിരിവുകള്‍ക്കും വിവേചനത്തിനുമാണ് കാരണമാകുന്നത്

തകര്‍ന്ന 35 പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. പോലീസ് വകുപ്പിന്റെ 143 കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പുനരധിവാസ – പുനർ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിംഗ് പരമാവധി പ്രയോജപ്പെടുത്താൻ മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചു. ലോകബാങ്കുമായും എ.ഡി.ബിയുമായും വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണ്. നബാര്‍ഡ്, ഹഡ്‌കോ എന്നീ ഏജന്‍സികളില്‍ നിന്നും വായ്പയെടുക്കാന്‍ ആലോചിക്കുന്നു.