ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിതിനെതിരേ സുപ്രീംകോടതിയിലേക്ക്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്‌വഴക്കമില്ലാത്തതുമാണ്. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുവാനള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
71 രാജ്യസഭാ അംഗങ്ങള്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് പ്രമേയം വെള്ളിയാഴ്ചയാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഉപരാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. രാജ്യസഭയിലെ 50 അംഗങ്ങള്‍ പ്രമേയത്തില്‍ ഒപ്പുവച്ചാല്‍ രാജ്യസഭാ അധ്യക്ഷന് പ്രമേയം പരിഗണിക്കേണ്ടതാണ്. എന്നാല്‍, സംശയങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെതിരേ അഴിമതിയും പെരുമാറ്റ ദൂഷ്യവും ആരോപിച്ചിരിക്കുന്നതെന്നും ഇത് അദ്ദേഹത്തെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ മതിയായ തെളിവല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ പ്രമേയത്തില്‍ അവരുന്നയിച്ച കേസുകളില്‍ അവര്‍ക്ക് തന്നെ ഉറപ്പില്ല. പ്രമേയത്തിന്റെ ഒന്നാം പേജില്‍ തന്നെ പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് അഴിമതി കേസില്‍ ചീഫ് ജസ്റ്റിസ് നിയമവിരുദ്ധമായി പ്രതിഫലം പറ്റിയിരിക്കാം എന്നാണ് സൂചിപ്പിക്കുന്നതെന്നുമാണ് ഉപരാഷ്ട്രപതി ഇന്നലെ പുറത്തിറക്കിയ 10 പേജുള്ള ഉത്തരവിന്റെ ആദ്യ പേജില്‍ ഒന്നാമതായി അക്കമിട്ട് പറയുന്നത്. നോട്ടിസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ട ലംഘനമാണന്നും രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ നായിഡു വ്യക്തമാക്കി.
അതേസമയം, ഉപരാഷ്ട്രപതിയുടെ തീരുമാനം അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായോ മറ്റേതെങ്കിലും കേസുമായോ ബന്ധപ്പെട്ടുള്ളതല്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷത്തിന് മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത് വരെയോ, അല്ലെങ്കില്‍ വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയോ, അദ്ദേഹം സ്വയം പിന്‍മാറുകയോ ചെയ്യുന്നത് വരെയോ താന്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍പാകെ കേസ് വാദിക്കില്ലെന്നാണ് സിബല്‍ വ്യക്തമാക്കി. തന്റെ തൊഴിലിന്റെ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും സിബല്‍ പറഞ്ഞു.