അൽ-ഫലാഹ് സർവകലാശാലയിൽ നിന്ന് കാണാതായ10 പേരും ‘ടെറർ ഡോക്ടർ’ മൊഡ്യൂളിന്റെ ഭാഗം – ഇന്റലിജൻസ്
ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരോ പഠിച്ചവരോ ആയ മൂന്ന് കശ്മീരികൾ ഉൾപ്പെടെ കുറഞ്ഞത് 10 പേരെ കാണാതായതായി ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. അവരുടെ മൊബൈൽ ഫോണുകൾ ഓഫാക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനു ശേഷമാണ് 10 പേരുടെ തിരോധാനം കണ്ടെത്തിയത്.
കാണാതായ ആളുകൾ ചെങ്കോട്ടക്കു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ 20 യിൽ അമോണിയം നൈട്രേറ്റ് ഇന്ധന എണ്ണ നിറച്ച ‘ടെറർ ഡോക്ടർ’ മൊഡ്യൂളിന്റെ ഭാഗമാകാമെന്ന് ഇന്റലിജൻസ് പറയുന്നു. ഇവരില്‍ ചിലരെങ്കിലും രാജ്യം വിട്ടതായി സംശയിക്കുന്നു.
ഇതുവരെ അൽ-ഫലാഹ് മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരെ ആണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച സർവകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയെയും അറസ്റ്റ് ചെയ്തു; തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഐ20 ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നിരവധി വിവരങ്ങളാണ് കണ്ടെത്തിയത്. സാഡാപേ എന്ന പാക് ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ ജെയ്‌ഷെ നേതാക്കൾ ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തതായും സ്ത്രീകൾ നയിക്കുന്ന ഒരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും ഇന്റലിജൻസ് കണ്ടെത്തി.
ജെയ്‌ഷെയ്ക്ക് ഇതിനകം ‘ജമാത്ത് ഉൽ-മുമിനത്ത്’എന്ന ഒരു ‘വനിതാ വിഭാഗം’ രൂപീകരിച്ചിട്ടുണ്ട്; ഭീകര നേതാവ് മസൂദ് അസറിന്റെ സഹോദരി സാദിയ ആണ് ആ യൂണിറ്റിനെ നയിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ സിന്ദൂർ ഓപ്പറേഷനില്‍, പാകിസ്ഥാനിലെ ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകൾ തുടച്ചുനീക്കിയതിന് ശേഷം ആണ് വനിത തീവ്രവാദ ഗ്രൂപ്പ് രൂപീകരിച്ചത്. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളിൽ ഒരാളായ ‘മാഡം സർജൻ’ എന്ന രഹസ്യനാമമുള്ള ഡോ. ഷാഹിന സയീദ്, ജമാത്ത് ഉൽ-മുമിനത്ത് എന്ന യൂണിറ്റിലെ അംഗമാണെന്ന് റിപ്പോർട്ടുണ്ട്.
കൂടുതൽ ‘ഫിദായീൻ’ അല്ലെങ്കിൽ ആത്മഹത്യാ ആക്രമണങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ്, പണപ്പിരിവ് ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനായി 20,000 ഡോളർ ‘സംഭാവന’ ആവശ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
പതിനഞ്ച് പേർ കൊല്ലപ്പെട്ട ഡൽഹിസ്ഫോടനത്തിൽ ആദ്യമായി വിബിഐഇഡികൾ അഥവാ വെഹിക്കിൾ-ബോൺ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിനു പിന്നിലെ ചാലകശക്തി പാക്കിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദാണ് ആണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

