നിർമിതബുദ്ധി സുരക്ഷയ്ക്ക് ‘ബ്ലെച്‌ലി’പ്രഖ്യാപനം

Print Friendly, PDF & Email

നിർമിതബുദ്ധി (എ.ഐ.) വഴി സൃഷ്ടിക്കപ്പെടാവുന്ന വൻവിപത്തിൽനിന്ന് മനുഷ്യകുലത്തെ സംരക്ഷിക്കാൻ ഉടമ്പടിയുണ്ടാക്കി ഇന്ത്യയുൾപ്പെടെ 27 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും. ബ്രിട്ടനിലെ ബ്ലെച്‌ലി പാർക്കിൽ നടന്ന രണ്ടുദിവസത്തെ എ.ഐ. സുരക്ഷാ ഉച്ചകോടിയിലാണ് ഉടമ്പടി പ്രസിദ്ധീകരിച്ചത്. ‘ബ്ലെച്‌ലി പ്രഖ്യാപനം’ എന്നാണ് ഇത് അറിയപ്പെടുക. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയുടെ രഹസ്യകോഡുകളുടെ കുരുക്കഴിക്കാനായി വിദഗ്‌ധർ ഒത്തുചേർന്നിരുന്ന രഹസ്യകേന്ദ്രമാണ് ബക്കിങാംഷയറിനടുത്തുള്ള ബ്ലെച്‌ലി പാർക്ക്.

അതിവേഗം വളരുന്ന എ.ഐ. സാങ്കേതികവിദ്യയുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ ആദ്യ അന്താരാഷ്ട്ര ഉടമ്പടിയാണ് ബ്ലെച്‌ലി പ്രഖ്യാപനം. മനുഷ്യബുദ്ധിയെക്കാൾ കാര്യക്ഷമമായ അതിനൂതന എ.ഐ. മോഡലുകളുടെ (ഫ്രണ്ടിയർ എ.ഐ.) ദുരുപയോഗമോ നിയന്ത്രണമില്ലായ്മയോ കാരണം ഉണ്ടാകാനിടയുള്ള ദുരന്തങ്ങളുടെ സാധ്യതയെക്കുറിച്ച് ബ്ലെച്‌ലി പ്രഖ്യാപനം പരാമർശിക്കുന്നു. എ.ഐ. ഉയർത്താനിടയുള്ള പ്രശ്നങ്ങൾ കണ്ടെത്തുക, അവയെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുക, ഒരുമിച്ചുള്ള നയരൂപവത്കരണത്തിലൂടെ പരിഹരിക്കുക – ഇതാണ് ബ്ലെച്‌ലി പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യം.

ഇന്ത്യയ്ക്കുപുറമെ, യു.എസ്,ബ്രിട്ടൻ, ചൈന, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങി 27 രാജ്യങ്ങൾ ഇതിൽ ഒപ്പിട്ടു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും സാങ്കേതികവിദ്യാരംഗത്തെ വൻ കമ്പനികളുടെ ഉടമകളും മറ്റു വിദഗ്ധരുമാണ് ബ്ലെച്‌ലി ഉച്ചകോടിയിൽ പങ്കെടുത്തത്. കേന്ദ്ര ഐ.ടി. ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ആറുമാസത്തിനുള്ളിൽ ദക്ഷിണ കൊറിയ വെർച്വൽ എ.ഐ. ഉച്ചകോടി വിളിക്കും. അടുത്തവർഷത്തെ എ.ഐ. ഉച്ചകോടിക്ക് ഫ്രാൻസ് ആതിഥ്യമരുളും.