‘അൽ ഫലാഹ്’ സർവകലാശാല സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ.
ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഭീകരവാദ സംഘത്തിന്റെ പ്രഭവകേന്ദ്രമായ അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ ഭീകരവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം ആണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അൽ-ഫലാഹ് സർവകലാശാലയ്‌ക്കെതിരെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അടുത്തിടെ രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണ ഏജൻസി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വഞ്ചന, അക്രഡിറ്റേഷൻ രേഖകളുമായി ബന്ധപ്പെട്ട് വ്യാജരേഖ ചുമക്കല്‍ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്‍മേല്‍ ആരോപിക്കപ്പെടുന്ന കേസുകൾ.
നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഫരീദാബാദിലെ ധൗജിലെ സർവകലാശാല സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. ചാവേർ ബോംബ് സ്ഥാപിച്ച കശ്മീരി നിവാസിയായ ഡോ. ഉമർ ഉൻ നബി സർവകലാശാലയുമായി ബന്ധമുള്ളയാളാണ്.
അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് സർവകലാശാലാ പരിസരത്ത് നടത്തിയ തിരച്ചിലിനിടെ ശേഖരിച്ച തെളിവുകളുടെ വിശദമായ അന്വേഷണത്തിനും വിശകലനത്തിനും ശേഷമാണ് അറസ്റ്റ് എന്ന് കേന്ദ്ര ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിലെ 19 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തി, അതിൽ അൽ ഫലാഹ് സർവകലാശാലയുടെ പരിസരവും അൽ ഫലാഹ് ഗ്രൂപ്പിലെ പ്രധാന വ്യക്തികളുടെ വസതികളും ഉൾപ്പെടുന്നു.
“ട്രസ്റ്റ് കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപ വകമാറ്റിയതായി തെളിവുകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, നിർമ്മാണ, കാറ്ററിംഗ് കരാറുകൾ ട്രസ്റ്റ്/ജവാദ് അഹമ്മദ് അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്ഥാപനങ്ങൾക്ക് നൽകി,” ഏജൻസി പറഞ്ഞു.
പരിശോധനയിൽ, 48 ലക്ഷത്തിലധികം പണവും ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്ററി തെളിവുകളും കണ്ടെത്തി പിടിച്ചെടുത്തതായി ഏജൻസി പറഞ്ഞു.
“ഗ്രൂപ്പിന്റെ ഒന്നിലധികം ഷെൽ കമ്പനികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് നിരവധി നിയമങ്ങൾ പ്രകാരം നിരവധി ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്,” ഏജൻസി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചുവരികയാണ്, ഇതിൽ ഫണ്ട് വകമാറ്റലും സർവകലാശാലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴിതിരിച്ചുവിടലും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും ഉൾപ്പെടുന്നു.
“1990-കളിൽ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി രൂപാന്തരപ്പെട്ടതിനുശേഷം അൽ-ഫലാഹ് ഗ്രൂപ്പ് മുഴുവനും വൻ വളർച്ച കൈവരിച്ചു. എന്നിരുന്നാലും, മതിയായ സാമ്പത്തിക സഹായത്തിന്റെ പിൻബലമില്ലാതെയാണ് ഈ വളർച്ച ഉണ്ടായത്,” സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ ഏജൻസി പറഞ്ഞു.
“ട്രസ്റ്റികൾ കുടുംബ താൽപ്പര്യത്തിനായി ഫണ്ട് വകമാറ്റിയതിൽ നിന്ന് പണം വീണ്ടെടുക്കൽ, ഫണ്ടുകളുടെ ദുര്‍വിനയോഗം തുടങ്ങിയ സമഗ്രമായ തെളിവുകൾ അന്വേഷണഏജൻസികള്‍ക്ക് ലഭിച്ചരിുന്നു.
ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള ‘വൈറ്റ് കോളർ’ ഭീകര സംഘടനയെ അധികൃതർ അടുത്തിടെ കണ്ടെത്തിയതിനെ തുടർന്നാണ് സ്‌ഫോടനം നടന്നത്.
ഫരീദാബാദിലെ രണ്ട് വാടക മുറികളിൽ നിന്ന് ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു, അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ള ഡോക്ടർമാരും ഫരീദാബാദിലെ ഒരു പള്ളിയുമായി ബന്ധമുള്ള ഒരു മൗലവിയും ഉൾപ്പെടെ നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തിരുന്നു.

