ബീഹാര്‍: മഹാസഖ്യത്തിന് മെഗാ പരാജയം..!
ബീഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തെ (INDIA) നിഷ്‌പ്രഭമാക്കി മഹാവിജയം നേടി എൻഡിഎ. 243 അംഗ നിയമസഭയിൽ എന്‍ഡിഎക്ക് 202 സീറ്റുകൾ. 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 85 സീറ്റുമായി നിതീഷ്കുമാര്‍ ആറാം തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടു വക്കുകയാണ്. എന്‍ഡിഎ സഖ്യ കക്ഷികളായ എല്‍ജെപി (ലോക്‍ ജനശക്തി പാര്‍ട്ടി) 19, ഹിന്ദുസ്ഥാൻ അവാമി മോർച്ച (5), രാഷ്‌ട്രീയ ലോക് മോർച്ച (4) സീറ്റുകള്‍ വീതം നേടി എന്‍.ഡി.എയുടെ മഹാവിജയത്തിന്‍റെ പൊലിമ കൂട്ടി.
എന്നാല്‍ ചിരിത്രത്തിലെ ഏറ്റവും വലിയ പരാജയം രുചിച്ച ഇന്‍ഡ്യ മുന്നണിയിലെ പമുഖ്യ കക്ഷിയും 2020ലെ ഏറ്റവും വലിയ ഒറ്റകക്ഷിയുമായിരുന്ന തേജസ്വി യാദവിന്‍റെ ആര്‍ജെഡി (രാഷ്ടീയ ജനതദള്‍) എഴുപത്തിയഞ്ച് സീറ്റിൽ നിന്ന് 25ലേക്ക് കൂപ്പുകുത്തിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. 19 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ആറിലേക്ക് ഒതുങ്ങിയതോടെ തകർച്ച പൂർണമായി. മൂന്ന് സീറ്റിൽ ഒതുങ്ങി ഇടതു പാർട്ടികളും നിരാശപ്പെടുത്തി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 6 സീറ്റുകൾ നേടി മഹാസഖ്യത്തിന്റെ മുസ്ളീം വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തി എന്‍ഡിഎയുടെ മഹാവിജയത്തിലേക്ക് പാതയൊരുക്കി.
റെക്കോഡ് പോളിംഗ് നടന്ന ബീഹാറിൽ നിതീഷ് സർക്കാരിന് റെക്കോഡ് ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നൽകിയത് സ്ത്രീവോട്ടുകൾ. ഇത്തവണ പുരുഷന്മാരെക്കാൾ 5 ശതമാനം സ്ത്രീകൾ കൂടുതലായി വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കഴിഞ്ഞ സെപ്തംബറിൽ പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത രണ്ട് വമ്പൻ പദ്ധതികൾ സ്ത്രീകളെ കൂട്ടത്തോടെ ബൂത്തിലെത്തിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 75 ലക്ഷം സ്ത്രീകൾക്ക് വർഷം 10,000 രൂപ നൽകുന്ന’മുഖ്യമന്ത്രി റോസ്ഗർ യോജന’, സ്ത്രീ സംരംഭകർക്ക് പലിശയില്ലാവായ്പയും തൊഴിൽ പരിശീലനവും നൽകുന്ന ’ലഖ്പതി ദീദി’, ദരിദ്ര സ്ത്രീകൾക്ക് ഉപജീവനം കണ്ടെത്താൻ മുടങ്ങിക്കിടന്ന ജീവിക പദ്ധതി തുടങ്ങിയ പദ്ധതികള്‍ നിതീഷ് സ്തീ വോട്ടര്‍മാരെ ഒന്നടങ്കം എന്‍ഡിഎക്ക് പിന്നില്‍ അണിനിരത്താന്‍ പ്രേരകമായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസന നായക പ്രതിച്ഛായ വോട്ടര്‍മാരെ സ്വാധീനിച്ചു.
എല്‍ജെപി, ഹിന്ദുസ്ഥാനി അവാം മോർച്ച, ആർഎല്‍പി തുടങ്ങിയ ദളിത് പാര്‍ട്ടികളിലൂടെ യാദവ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞപ്പോള്‍ മുകേഷ് സാഹിനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി എന്നിവയ്‌ക്ക് പ്രതീക്ഷിച്ച പിന്നാക്ക വോട്ടുകൾ പിടിക്കാൻ കഴിഞ്ഞില്ല. പകരം, ഒവൈസിയുടെ എഐഎംഐഎം ഇന്‍ഡ്യ മുന്നണിക്കു ലഭിക്കേണ്ടിയിരുന്ന മുസ്ലീം വോട്ടുകളെ ഭിന്നിപ്പിച്ചുകളഞ്ഞു. മഹാസഖ്യത്തിന്റെ തൊഴിൽ വാഗ്‌ദാനം വോട്ടർമാരെ ആകർഷിച്ചില്ല. വോട്ടർമാർ വിശ്വസിച്ചത് നിതീഷിന്റെ വികസന-സാമൂഹ്യക്ഷേമ പദ്ധതികളെ ആയിരുന്നു.

