ശ്രീനഗറിലെ പോലീസ് സ്റ്റേഷനുള്ളിൽ സ്ഫോടനം 9 പേർ മരിച്ചു, 32 പേർക്ക് പരിക്ക്.
ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ശ്രീനഗറിലെ പോലീസ് സ്റ്റേഷനുള്ളിൽ പൊട്ടിത്തെറിച്ച് 9 പേർ മരിച്ചു, 32 പേർക്ക് പരിക്കേറ്റു. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നൗഗാം പോലീസ് സ്റ്റേഷനിൽ ആണ് ആകസ്മികമായി സ്ഫോടനം നടന്നത്. ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂൾ കേസിൽ ഫരീദാബാദിൽ നിന്ന് അടുത്തിടെ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരത്തിൽ നിന്നുള്ള സാമ്പിളുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത്.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായവരിൽ ഭൂരിഭാഗവും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്ത പോലീസുകാരും ഫോറൻസിക് വിദഗ്ധരുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾക്കായി ബാഗുകൾ നിർമ്മിക്കുന്ന ഒരു പ്രാദേശിക തയ്യൽക്കാരനും കൊല്ലപ്പെട്ടവരില്‍ പെടും. 32 പേർക്ക് പരിക്കേറ്റു. സ്ഫോടനം നടന്ന സമയത്ത് പോലീസ് സ്റ്റേഷനിൽ സംഘം സാമ്പിളുകൾ എടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ഇപ്പോഴും പല ശരീരങ്ങളും അജ്ഞാതമാണ്. മൃതദേഹങ്ങൾ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.
ഇരുപത്തിനാല് പോലീസുകാരെയും മൂന്ന് സാധാരണക്കാരെയും ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശക്തമായ സ്ഫോടനത്തിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചുറ്റുമുള്ള പ്രദേശം നടുങ്ങുകയും ചെയ്തു. പ്രധാന സ്ഫോടനത്തിന് ശേഷം കുറച്ച് സമയത്തേക്ക് ചെറിയ സ്ഫോടനങ്ങൾ തുടർന്നതിനാൽ ബോംബ് സ്ക്വാഡിന് ഉടനടി പ്രവേശിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്താന്‍ കഴിഞ്ഞില്ല.
അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഗനായിയുടെ വാടക വീട്ടിൽ നിന്ന് ഏകദേശം 360 കിലോഗ്രാം സ്റ്റോക്കായിരുന്നു പിടിച്ചെടുത്തത്. ഈ സ്ഫോടക വസ്തുക്കൾ പോലീസ് ഫോറൻസിക് ലാബിൽ സൂക്ഷിക്കേണ്ടതായിരുന്നു, എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനാൽ വലിയൊരു ഭാഗം നൗഗാം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു.
ഒക്ടോബർ മധ്യത്തിൽ നൗഗാമിലെ ബൻപോറയിൽ പോലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യം വച്ചുള്ള ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ഈ ഭീകര ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. അന്വേഷണം ആരംഭിച്ചത് നൗഗാം പലീസ് സ്റ്റേഷനിലായിരുന്നു. ഒക്ടോബർ 19 ന് ഒരു കേസ് ഫയൽ ചെയ്തു, അന്വേഷണത്തിനായി പോലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു. പോസ്റ്ററുകൾ പതിച്ചതായി കണ്ട ആദ്യത്തെ മൂന്ന് പ്രതികളായ ആരിഫ് നിസാർ ദാർ, യാസിർ-ഉൽ-അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാർ എന്നിവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ സഹായിച്ചു. മുന്പ് സൈന്യത്തെ കല്ലെറിഞ്ഞ കേസുകളിലെ പ്രതികളായിരുന്നു ഇവര്‍.
ഷോപിയാനിൽ നിന്നുള്ള മുൻ പാരാമെഡിക്കായി പ്രവർത്തിച്ച മൗലവി ഇർഫാൻ അഹമ്മദിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് ഇത് അവരെ നയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിൽ, അറസ്റ്റിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ്, ഡോ. ഷഹീൻ സയീദ്, എന്നിവരുൾപ്പെടെയുള്ള ഡോക്ടർമാർ ഉൾപ്പെട്ട തീവ്രവാദ ശൃംഖല കണ്ടെത്തി. ഈ തീവ്രവാദ മൊഡ്യൂൾ പ്രധാനമായും മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും കൂടുതൽ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.

