സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു.
ബസ്ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് c. ഇന്നലെ അർധ രാത്രിയോടെയാണ് സമരം തുടങ്ങിയത്. മിനിമം ബസ് ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 12,000 സ്വകാര്യ ബസുകളിൽ കോവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ബസ് ചാർജ് വർദ്ധനവ് ചർച്ചയായില്ല. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അധിക സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങൾ നട്ടം തിരിയുമ്പോൾ ബസ് ചാർജ് വർദ്ധന വൈകിപ്പിക്കുകയാണ് മന്ത്രിസഭ. സ്വകാര്യ ബസ് സമരത്തിനു പിന്നാലെ ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങമെന്ന് സർക്കാരിനെ അറിയിച്ച് കഴിഞ്ഞു.

