സാമ്പത്തിക തട്ടിപ്പ് കേസിൽ കെ,സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Print Friendly, PDF & Email

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്‍റെ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് 7 വരെ വരെ നീണ്ടു. സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി സുധാകരൻ ഇടപെടുമെന്നും മോൻസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം രൂപ മോന്‍സനു നൽകി എന്നും, പണം നൽകുമ്പോൾ മോൻസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നും യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

സുധാകരന്‍റെ അറസ്റ്റില്‍ കോണ്‍ഗ്രസ്സ് കടുത്ത പ്രതിഷേധത്തിലാണ്. അറസ്റ്റില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെ പി സി സി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന്‍റെ അറസ്റ്റിനെതിരെ രംഗത്തുവന്നു. സുധാകരന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഭയമാണ് സർക്കാരിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. സുധാകരന്‍റെ അറസ്റ്റ് സി പി എം നിർദ്ദേശപ്രകാരമെന്നും തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് ചെന്നിത്തല പ്രതികരിച്ചത്. മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്‍റെ ഭാഗമാണ് ഈ നാടകങ്ങൾ. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായ അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദേശീയതലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോള്‍ പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരന്‍റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റിന്‍റെ അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി ട്വീറ്റ് ചെയ്തു. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിന്‍റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.