ശബരിമലയിൽ ഇന്ന് അർദ്ധ രാത്രി മുതൽ നിരോധനാ‌ജ്ഞ

Print Friendly, PDF & Email

ശബരിമലയിൽ ഇന്ന് അർദ്ധ രാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാ‌ജ്ഞ. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നതിന് മുന്നോടിയായി ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കന്നത്‌. നിലക്കൽ ,പമ്പ ,സന്നിധാനം ,ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ബാധകമായിരിക്കും. ഇന്ന് രാവിലെ മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ പൊലീസ് കാവലും ഉണ്ടാകും. ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിനാണ് സുരക്ഷാ ചുമതലയുടെ നേതൃത്വം.

അഞ്ചാം തീയതി ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. അന്നേദിവസം ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമാണ്‌. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മണ്ഡല-മകര വിളക്ക് കാലത്തേക്കുള്ള പൊലീസ് വിന്യാസം എങ്ങനെ വേണമെന്ന് നേരത്തെ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു.

വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി തിരിച്ച് സുരക്ഷ ഉറപ്പ് വരുത്താനാണ് പൊലീസിന്‍റെ തീരുമാനം. ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും ഇന്ന് മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും.

മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ എട്ട് മണിക്ക് മാത്രമേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്ക്‌ കടത്തിവിടൂ. അതേസമയം, നടതുറക്കുന്ന  ഉച്ചയ്ക്ക് ശേഷം മാത്രമേ ഭക്തർക്ക് സന്നിധാനത്തേക്കും പമ്പയിലേക്കും പ്രവേശനം അനുവദിക്കൂ. 16-നാണ് മണ്ഡല-മകര വിളക്ക് കാലത്തിനായി ശബരിമല നട തുറക്കുന്നത്.