തബ് ലീഗ് ജുമാഅത്ത് സമ്മേളനം. നിയന്ത്രിക്കുന്നതില്‍ പാളിച്ച. കൊടുക്കേണ്ടി വരുന്നത് വലിയ വില

Print Friendly, PDF & Email

നിസാമുദ്ദീൻ തബ്ലീഗ് ജുമാഅത്ത് സമ്മേളനത്തിൽ ആകെ പങ്കെടുത്തത് 8000ല്‍ അധികം പ്രതിനിധികള്‍. രാജ്യത്തെ ഏതാണ്ടല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മാത്രമല്ല ആന്‍ഡമാന്‍ ദീപ് അടക്കമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുപോലും ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്തേക്ക് അവര്‍ ഒഴുകിയെത്തി. കൂടാതെ ഏതാണ്ട് 16ഓളംവിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.

നിസാമുദ്ദീന്‍ മര്‍ക്കസ്സിലും അതിന്‍റെ സമീപ പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിപ്പിച്ച് നിരീക്ഷണത്തിലാക്കിയത് വിദേശികളടക്കം 2300 പേരെ. ഇനിയും കണ്ടെത്തുവാനുള്ളത് ഏതാണ്ട് 8000ത്തിനടുത്ത്. അതില്‍ തിരിച്ചറിഞ്ഞത് ഇതുവരെ 2500ഓളം പേരെമാത്രം. തമിള്‍നാട്ടില്‍ നിന്ന് മാത്രം സമ്മേളനത്തില്‍ പങ്കെടുത്തവര്‍ 1500ലേറെ വരും. അതില്‍ 1130 പേരും സംസ്ഥാനത്ത് തിരച്ചെത്തിയതായാണ് കരുതുന്നത്. അവരില്‍ തിരിച്ചറിഞ്ഞ് ഇതുവരെ ബന്ധപ്പെടുവാന്‍ കഴിഞ്ഞത് കേവലം 515 പേരെ മാത്രം.

ഇനി മറ്റൊരു കണക്കു നോക്കാം. തമിഴ്‌നാട്ടിൽ ഇന്ന് മാത്രം കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 50. അതില്‍ 45 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ബാക്കിയുള്ള അഞ്ചുപേർ ഇവരുമായി സമ്പർക്കം പുലർത്തിയവരും. ഇതോടെ തമിള്‍ നാട്ടില്‍ മാത്രം നിസാമുദ്ദീന്‍ ബന്ധത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഇതുവരെ തമിള്‍നാട്ടിലാകെ കോവിഡ്-19 ബാധിതരുടെ എണ്ണം 121 മാത്രമാണുള്ളതെന്ന് ഓര്‍ക്കണം. അതായത് തമിള്‍ നാട്ടില്‍ കൊറോണ ബാധിതരില്‍ 57.85 ശതമാനവും നിസാമുദ്ധീന്‍ ബന്ധമുള്ളവരാണന്നര്‍ത്ഥം.

ഇതുതന്നെയാണ് ആന്ധ്രയുടേയും തെലുങ്കാനയുടേയും സ്ഥിതി. ഇവിടെ നിന്നും ആകെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ 1909പേരാണ്. ഒരു ഫിലിപ്പിയന്‍സ് കാരന്‍ കഴിഞ്ഞ ദിവസം വല്ലൂര്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞിരുന്നു. അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം സന്ദര്‍ശനത്തിനായി ആന്ധ്ര പ്രദേശില്‍ എത്തിയപ്പോഴാണ് രോഗബാധിതനായത്. കര്‍ണ്ണാടകത്തില്‍ നിന്ന് സമ്മേളനത്തിന് പോയത് 300പേരോളമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍ അവരില്‍ 250 പേരേയും ഇതുവരെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിശബ്ദത പാലിക്കുന്നവര്‍ യാതൊരു വിലക്കുമില്ലാതെ രാജ്യമെമ്പാടും തലങ്ങും വിലങ്ങും സഞ്ചരിച്ചിരിക്കുന്നു. അതോടെ കൊറോണ രോഗവ്യാപനത്തിന്‍റെ കടിഞ്ഞാണ്‍ കൈവിട്ടു പോകുവാനുള്ള സാധ്യത പതിന്മടങ്ങായി ഏറിയിരിക്കുന്നു…

ഈ സാഹചര്യം ഉണ്ടാക്കിതില്‍ നിന്ന് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കൈ കഴുകുവാന്‍ കഴിയില്ല. ജനുവരി 30നാണ് രാജ്യത്തെ ആദ്യത്തെ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ലോകം മുഴുവന്‍ കോവിഡ്-19 കീഴടക്കുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാല്‍ അപ്പോഴും തബ്ലീഗ് ജുമാഅത്ത് സമ്മേളനത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യഥേഷ്ടം പ്രവഹിച്ചുകൊണ്ടിരുന്നു. 2100 വിദേശികള്‍ ആണ് ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തബ്‌ലീഗ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് അത്തരക്കാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കേണ്ടതില്ലന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. എന്നിരുന്നാലും 16 രാജ്യങ്ങളില്‍ നിന്നായി 300ഓളം പ്രതിനിധികള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 128 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മാ​ർ​ച്ച് 21ന് ​രാജ്യത്ത് റെ​യി​ൽ​വേ സ​ർ​വി​സ്​ റ​ദ്ദാ​ക്കി. മാര്‍ച്ച് 22 ന് വിമാനതാവളങ്ങള്‍ അടച്ചു എന്നാല്‍ അതുവരെ ചൈന കൊറിയ തുടങ്ങി അപൂര്‍വ്വം ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍‍ക്ക് ഇന്ത്യയില്‍ വരുവാന്‍‍ യാതൊരു വിലക്കുകളും ഇല്ലായിരുന്നു. യാതൊരു വിലക്കുകളും പരിശോദനകളും ഇല്ലാതെ അവര്‍ രാജ്യത്ത് അലഞ്ഞുതിരിഞ്ഞു നടന്നു കോവിഡ്-19 വൈറസുകളെ രാജ്യമൊട്ടാകെ വിതരണം ചെയ്തു. കൊറോണ രോഗം പൊട്ടിപുറപ്പെട്ട ചൈനയോട് തൊട്ടടുത്തുകിടക്കുന്ന രാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ കൊറോണയെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ രോഗ പ്രതിരോധ നടപടികളുമായി മുന്നേറിയപ്പോള്‍ നമ്മള്‍ ഗോമൂത്ര പാര്‍ട്ടികള്‍ നടത്തിയും ചാണകത്തില്‍ ഗവേഷണങ്ങള്‍ നടത്തിയും പഞ്ചഗവ്യം പുകച്ച് രോഗപ്രതിരോധം നേടുന്നതിനേപറ്റി ചര്‍ച്ചകള്‍ നടത്തിയും, ചൂടുള്ള ഇന്ത്യന്‍ കാലാവസ്തയില്‍ ചാണക വരളികള്‍ പുകയ്ക്കുന്നതിനാല്‍ ഇന്ത്യയുടെ ഏഴയല്‍പക്കത്തു പോലും കൊറോണ വൈറസുകള്‍ എത്തിനോക്കില്ല എന്നു പ്രഖ്യാപിച്ചും കഴിയുകയായിരുന്നു. ഈ കാലതാമസം നമ്മുടെ ഭരണ നേതൃത്വത്തിനു പറ്റിയ അക്ഷന്തവ്യമായ തെറ്റാണ്. അതിനു വലിയ വിലയാണ് ഇന്ത്യ കൊടുക്കുവാന്‍ പോകുന്നത്.

കൊറോണ വ്യാപനം കൈവിട്ടു പോകും എന്ന ഘട്ടം വന്നപ്പോള്‍ മാർച്ച് 22ന് പ്രധാനമന്ത്രി ‘​ജ​ന​ത ക​ർ​ഫ്യൂ’വിന് ആഹ്വാനം നല്‍കി. ക​ർ​ഫ്യൂ തീ​രും മു​മ്പ് 23ന് ​രാ​വി​ലെ ആ​റു​ മു​ത​ൽ മാ​ർ​ച്ച് 31 വ​രെ ഡ​ൽ​ഹി അടച്ചുപൂട്ടാന്‍ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ഉത്തരവിട്ടു. തുടര്‍ന്ന് മാ​ർ​ച്ച് 23ന് ​രാത്രി 8 മണിക്ക് രാജ്യത്ത് സംന്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാലു മണിക്കൂറുകള്‍ക്ക് ശേഷം12 മണിയോടെ രാജ്യം 21 ദിവസങ്ങള്‍ നീളുന്ന ലോക്ക്ഡൗണിലേക്ക് പ്ര​വേശിച്ചു. അതോടെ തബ്ലീഗ് സമ്മളനത്തിലെത്തിയ 2000ല്‍ പരം പ്രതിനിധികള്‍ അവിടെ കുടങ്ങി. അതിനാല്‍ അവരെ നിരീക്ഷണത്തിലാക്കുവാന്‍ കഴിഞ്ഞു. ഇനി കണ്ടെത്തുവാനുള്ളത് സമ്മേളന നഗരിയില്‍ നിന്ന് രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് പോയഏതാണ്ട് 8000ഓളം ആള്‍ക്കാരേയും അവര്‍ സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവരേയും ആണ്. അവരെ കണ്ടത്തി നിരീക്ഷണത്തിലാക്കുന്നതിലാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിലുള്ള നമ്മുടെ വിജയം.