പിളര്‍പ്പ് ഒഴിവാക്കാന്‍ കാരാട്ടും യച്ചൂരി ലൈനിലേക്ക്… ഇനി വരുന്നത് കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടിന്റെ നാളുകള്‍

Print Friendly, PDF & Email

ഇനി വരുന്നത് കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടിന്റെ നാളുകള്‍… കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഉരുത്തിരിഞ്ഞ തര്‍ക്കത്തിന് ശുഭ പര്യവസാനം. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ബന്ധം ആവാം എന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി യച്ചുരിയുടെ നിലപാടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തിയതോടെ സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകില്ല. രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ കോണ്‍ഗ്രസ്സുമായി യാതൊരു സഖ്യമോ ധാരണയോ പാടില്ല എന്ന വാക്കുകള്‍ക്കു പകരം സഖ്യം പാടില്ല എന്നാല്‍ ധാരണ ആകാം എന്നമാറ്റം അംഗീകരിക്കുവാന്‍ പ്രകാശ് കാരാട്ടും മറ്റും നിര്‍ബന്ധിതമായതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം തിരഞ്ഞെടുപ്പില്ലാതെ പാസ്സാക്കാന്‍കഴിഞ്ഞത്. ഇത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ലഭിച്ച രാഷ്ട്രീയ വിജയമായി വിലയിരുത്തപ്പെടുന്നു. ഇതോടെ ഇനിമുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്ത് എവിടെ വേണമെങ്കില്ും കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കഴിയും

ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്സുമായി രാഷ്ട്രീയമായി ഒരു ബന്ധവും പാടില്ലഎന്ന കടുത്ത നിലപാടിലായിരുന്നു പ്രകാശ് കാരാട്ടും കൂട്ടരും. കേരളം അടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും കാരാട്ടിന്റെ ഈ നിലപാടിനു പിന്നില്‍ ഉറച്ചു നിന്നു. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്കു നിന്നാല്‍ ഒരു ഗതിയും പരഗതിയുമില്ലാത്ത ബംഗാള്‍ അടക്കമുള്ള സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കാം എന്ന നിലപാടിലായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്ട്ടിയുടെ ബംഗള്‍ ഘടകത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അത് ആവശ്യമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിന് ഇത് അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല. ഈ തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഒരു പിളര്‍പ്പിന്റെ ഘട്ടത്തിലേക്ക് എത്തിച്ചിരുന്നു. കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുവാന്‍ പാര്‍ട്ടികോണ്‍ഗ്രസ്സ് തീരുമാനമെടുത്തില്ലങ്കില്‍ ബംഗാള്‍ ഘടകത്തിന് തങ്ങളുടേതായ വഴി നോക്കേണ്ടി വരുമെന്ന് ബംഗാള്‍ ഘടകത്തിലെ ചില മുതിര്‍ന്ന നേതാക്കാള്‍ പ്രകാശ് കാരട്ടിനെ നേരിട്ട് കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പാര്‍ട്ടി കോണ്‍ഗ്രസ്സിലെ അകത്തളങ്ങളില്‍ നിന്നു ചോര്‍ന്നുകിട്ടിയ ശ്രുതി. പാര്‍ട്ടിയെ ഒരു പിളര്‍പ്പില്‍ നിന്ന് രക്ഷിക്കുവാന്‍ കാരാട്ടിനും കൂട്ടുര്‍ക്കും അവസാനം യച്ചൂരി ലൈനിലേക്ക് മാറുവാന്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •