ലോക്‍ഡൗണ്‍ നീട്ടാന്‍ സാധ്യത. പ്രഖ്യാപനം ഇന്നുണ്ടായേക്കും

Print Friendly, PDF & Email

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്. എന്നാല്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയായിരിക്കും ലോക്‍ഡൗണിന്‍റെ അടുത്ത ഘട്ടം നടപ്പിലാക്കുക. ലോക്‍ഡൗണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ജീവനാണ് പ്രധാനം എന്ന പ്രഖ്യാപനത്തില്‍ നിന്ന് വ്യതിചലിച്ച് ജീവനും ജീവിതവും ഒരേപോലെ പ്രധാനമാണെന്ന പുതിയ പ്രഖ്യാപനത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ മാറ്റം ഈ സൂചനയാണ് നല്‍കുന്നത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കേ 13 മുഖ്യമന്ത്രിമാരുമാരുമായി 4 മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫ്രന്‍സു വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.

വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ കോണ്‍ഫ്രന്‍സില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്. തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 14 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതായി പഞ്ചാബും ഒഡീഷയും പ്രഖ്യാപിച്ചിരുന്നു. ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, പകരം ഘട്ടം ഘട്ടമായി നീക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഏപ്രില്‍ 14 ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച വിശദമായ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുo. പ്രഖ്യാപനം ഇന്നുണ്ടാകുവാനാണ് സാധ്യത.