ഇന്ത്യക്കൊരു സര്‍വ്വസൈന്യാധിപന്‍…?
ചെങ്കോട്ടയിലെ സ്വാതന്ത്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ഇന്ത്യന്‍ സൈന്യത്തിന്‍റെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനമാണ്. കര, നാവിക, വ്യോമ സേനകൾക്കായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്ന പദവിയില്‍ ഒരൊറ്റ തലവനെ നിയമിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. മൂന്ന് സേനകൾക്കുo ഇടയിലുള്ള ആശയവിനിമയവും പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കുവാനായിട്ടാണ് സര്‍വ്വസൈന്യാധിപന്‍റ നിയമനം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പുതിയ സിഡിഎസ്(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്)ന്‍റെ കീഴിലായിരിക്കും കര, നാവിക, വ്യോമ സേനാ മേധാവികള്‍ വരുക. സായുധ സേനകള്‍ക്കും പ്രധാനമന്ത്രിയ്ക്കും ഇടയിൽ ഏകോപനത്തിനായുള്ള സുപ്രധാന വ്യക്തിയാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, പ്രതിരോധച്ചെലവുകൾ മുതൽ സേനാവിന്യാസം വരെ, എല്ലാം ഇനി ഈ ഒരു വ്യക്തിയുടെ മേൽനോട്ടത്തില്‍ ആയിരിക്കും നടക്കുക.
യുദ്ധകാലഘട്ടങ്ങളില്‍ സര്‍വ്വ സൈന്യാധിപന്‍റെ സാന്നിദ്ധ്യം ചടുല നീക്കങ്ങള്‍ക്ക് സൈന്യത്തിന് സഹായകരമാകുമെങ്കിലും ഇത്തരം ഒരു അധികാര കേന്ദ്രീകരണം ജനാധിപത്യത്തിന് ഭീക്ഷണി ആകുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനൊപ്പവും അതിനു ശേഷവും സ്വാതന്ത്ര്യം ലഭിച്ച മിക്കരാജ്യങ്ങളിലും പട്ടാള വിപ്ലവങ്ങളും അധികാരം പടിച്ചെടുക്കലുകളും മറ്റും ഉണ്ടായപ്പോഴും അത്തരമൊരു ഭീക്ഷണി ഉണ്ടാകാതെ ഇന്ത്യന്‍ ജനാധിപത്യം അചഞ്ചലമായി നിലനിന്നതിന് ഒരു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് സൈന്യത്തില്‍ നിലനിന്നിരുന്ന ഈ അധികാര വികേന്ദ്രീകരണമായിരുന്നു.
ഭാവിയില്‍, ജനാധിപത്യത്തിന്‍റെ പരീക്ഷണ ശാലയില്‍ മാറിമാറിവരുന്ന ഭരണകൂടങ്ങളില്‍ ഏതെങ്കിലും ഒന്ന് ശക്തമല്ലാതിരിക്കുകയോ അതേസമയം ഏകാധിപത്യ സ്വഭാവമുള്ള ഒരു സിഡിഎസ് (സര്‍വ്വസൈന്യാധിപന്‍) ഉണ്ടാവുകയോ… അല്ലങ്കില്‍, സര്‍വ്വസൈന്യാധിപനില്‍ പൂര്‍ണ്ണ സ്വാധീനവും ഏകാധിപത്യ സ്വഭാവമുള്ള ഒരു ഭരണാധികാരി ഉണ്ടാവുകയോ ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അതൊരു വെല്ലുവിളി ആകുമോ എന്ന ആശങ്കയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം ഉയര്‍ത്തുന്നത്.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി പുതുതായി രൂപീകരിക്കണമെന്ന ആശയം ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്. കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും, സുരക്ഷാ വീഴ്‍ചകളും, പാളിച്ചകളും, ബലഹീനതകളും പഠിച്ച് വിലയിരുത്താൻ രൂപീകരിച്ച സമിതിയാണ് സർവസേനാ മേധാവിയെന്ന ആശയം മുന്നോട്ടു വച്ചത്. പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരിക്കണം സർവസേനാമേധാവി എന്നതാണ് സമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശം. അന്നത്തെ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി പഠിച്ച ശേഷം അംഗീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ആശയം പിന്നീടങ്ങോട്ട് നടപ്പായില്ല. രാഷ്ട്രീയ നേതൃത്വത്തിലും സേനയുടെ ഉന്നതതലങ്ങളിലുമുള്ള ആശയ ഭിന്നതകളെ തുടർന്നാണ് നിർദേശം നടപ്പാകാതിരുന്നത്.