സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു…
സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ 12നാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ആറ് പേര്‍ക്ക് എതിരെയുള്ള കേസുകളാണ് അന്വേഷണത്തിന് വിട്ടത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് എതിരെയാണ് പരാതി.ഇത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നയപരമായി തീരുമാനമായി. വിഞ്ജാപനവും പുറത്തിറങ്ങി. കേന്ദ്രത്തിന സംസ്ഥാനം ശുപാര്‍ശ കൈമാറും. സിബിഐ അന്വേഷണം ഏറ്റെടുക്കുമോ എന്നതാണ് ഇനി നിര്‍ണായകം. അങ്ങനെയെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സോളാര്‍ പീഡന പരാതികളും സജീവമാകും.
അതേസമയം നടപടി സിപിഐഎം-ബിജെപി ഗൂഢാലോചനയുടെ തെളിവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സിബിഐയില്‍ പിണറായി വിജയന് ഇപ്പോള്‍ വിശ്വാസം വന്നതെങ്ങനെയെന്നും ചോദ്യം.
ഉമ്മന്‍ചാണ്ടി യുഡിഎഫിനെ നയിക്കാനെത്തുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് ബദലായി സോളാര്‍ ഭരണപക്ഷം ഉയര്‍ത്തിപ്പിടിക്കുമെന്നും ഉറപ്പ്. എ പി അബ്ദുള്ളക്കുട്ടിയിലൂടെ ബിജെപിയും സോളാറില്‍ പ്രതിരോധത്തിലാകും.
2018 ഒക്ടോബറിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്ക് എതിരെ ആയിരുന്നു കേസ്. പിന്നീട് കേസില്‍ മുന്‍മന്ത്രിമാരായ എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്ക് എതിരെയും കേസ് ചുമത്തി.
സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം ചെയ്തു. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും തെളിയിച്ചില്ല. ജാള്യത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി കൂട്ടുകൂടാന്‍ നീക്കമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം ഹൈക്കോടതി തള്ളിയതാണെന്നും ഉമ്മന്‍ ചാണ്ടി. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. എന്നിട്ടും തങ്ങള്‍ നിയമ നടപടിക്ക് പോയില്ല. സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചെന്നും അഞ്ച് വര്‍ഷം എന്ത് ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടിയുടെ ചോദിച്ചു. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടി വരും. ജനങ്ങള്‍ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. നടപടി ഗവണ്‍മെന്റിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

