നോട്ടുനിരോധനം: 3.44 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളുടെ വര്‍ധനവ്
കള്ളപ്പണം തടയുക, കള്ളനോട്ടുകള്‍ തുടങ്ങിയ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞപ്പോള്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്ന മോദി ഗവര്‍മ്മെന്‍റെ അവസാന അവകാശവാദവും പൊളിയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിസര്‍വ് ബാങ്ക് അവസാനമായി പുറത്തുവിട്ട കണക്കുകള്‍ തന്നെ പറയുന്നത്.
ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറൻസി നോട്ടിന്റെ എണ്ണം 19.14 % വര്‍ധിച്ച് 21.14 ലക്ഷം കോടിയിലെത്തിയെന്ന് റിപ്പാര്‍ട്ടുകള്‍. 2016 നവംബര്‍ 4ന് 17.97 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 15 ഓടു കൂടി അത് 21.41 ലക്ഷം കോടിയായി വര്‍ധിച്ചുവെന്ന് റിസര്‍വ് ബാങ്ക് തന്നെ സമ്മതിക്കുന്നു. 2016 നവംബര്‍ 8 നാണ് സര്‍ക്കാര്‍ 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കുന്നത്. ജനുവരി 2017ഓടു കൂടി പ്രചാരത്തിലുള്ള നോട്ട് 9 ലക്ഷം കോടിയായി കുറഞ്ഞു. അത് പടിപടിയായി കൂടുന്ന കാഴ്ചയാണ് പിന്നീട് കാണുവാന്‍ കഴിഞ്ഞത്. 2018 മാര്‍ച്ച് ആയപ്പോഴേക്കും പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകള്‍ 18.29 ലക്ഷം കോടിരൂപയുടേതായി വര്‍ദ്ധിച്ചു. 2019 മാര്‍ച്ച് 15 ഓടു കൂടി അത് 21.41 ലക്ഷം കോടിരൂപയുടേതായി. അതായത് നോട്ടുനിരോധിച്ച ശേഷം രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചത് 3.44ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകള്‍.
പണത്തിന്‍റെ ക്രയവിക്രയങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ച് ഡിജിറ്റല്‍ ഇടപാട് പ്രോത്‌സാഹിപ്പിച്ചിട്ടു പോലും നോട്ടിന്റെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായത്. അതിനനുസരണമായി എടിഎം വഴിയുള്ള ഇടപാടും വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനുവരി 2017 ലെ എടിഎം പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ 2,00,648 കോടിയായിരുന്നു . എന്നാല്‍ 2018 ജനുവരിയില്‍ ഇത് 2,95,783 കോടിയായും ജനുവരി 2019ല്‍ 3,16,808 കോടിയായും വര്‍ധിച്ചു. 3.16 ലക്ഷം കോടി ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ 2.66 ലക്ഷം കോടി രൂപയാണ് ഇക്കാലയിളവില്‍ പിന്‍വലിക്കപ്പെട്ടത്.
നോട്ടു നിരോധിച്ചശേഷം 99.36ശതമാനം നോട്ടുകളും തിരിച്ചത്തിയെന്ന് റിസര്‍വ്വ് ബാങ്ക് സമ്മതിച്ചപ്പോള്‍ കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് നോട്ടു നിരോധനം കൊണ്ട് സാധിച്ചില്ല എന്ന് ബോധ്യമായി. കറന്‍സി നോട്ടുകളുടെ ഉപയോഗം കുറച്ച് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിക്കുകയായിരുന്നു ഗവര്‍മ്മെന്‍റിന്‍റെ ലക്ഷ്യം എന്നു പറഞ്ഞായിരുന്നു നോട്ടു നിരോധനത്തെ ഗവര്‍മ്മെന്‍റ് പിന്നീട് സാധൂകരിച്ചിരുന്നത്. റിസര്‍വ്വ് പുതിയ കണക്കുകള്‍ പുറത്തുവിട്ടതോടെ നോട്ടു നിരോധനം എന്തിനുവേണ്ടി ആയിരുന്നു എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.