കെ-റെയിലിനെ തള്ളുമോ…? അതോ കൊള്ളുമോ…?? കേന്ദ്രബജറ്റിനെ കാത്ത് കേരളം.
വലിയ പ്രതീക്ഷയോടെയാണ് കേന്ദ്രബജറ്റിനെ ഉറ്റു നോക്കുകയാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈന്‍ ബജറ്റിൽ ഉള്‍പ്പെടുമോ എന്നാണ് കേരളം പ്രധാനമായുംഉറ്റു നോക്കുന്നത്. ബജറ്റിൽ സിൽവർ ലൈൻ ഇടംപിടിച്ചാൽ മറ്റ് എതിർപ്പുകൾ ഇല്ലതാകുമെന്ന് സർക്കാർ കരുതുന്നു. മറ്റ് സംസ്ഥാനങ്ങളിലെ അതിവേഗ പദ്ധതികൾ പരിഗണിക്കുമ്പോൾ കേന്ദ്രത്തിന് കെ റെയിലിനെ തഴയാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിൽവർ ലൈനിൽ കേന്ദ്രസർക്കാരിന്‍റെ മനസിലിരിപ്പ് എന്താണെന്ന് ഇപ്പോഴും തെളിഞ്ഞ് വന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിന് ശേഷവും അതിവേഗ റെയിലിന് കേന്ദ്രം പച്ചക്കൊടി വീശിയിട്ടില്ല. കേന്ദ്ര ബജറ്റിൽ നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ റയിൽവെ വികസനത്തിനായുള്ള പദ്ധതികളും നിർണായകമാണ്. പാതകൾ ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം തുടങ്ങിയവയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദേശീയ പാത വികസനത്തിനും ബജറ്റിൽ പ്രാമുഖ്യം നൽകിയേക്കും.
ആരോഗ്യം, കാർഷിക മേഖല, വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങി സമസ്ത മേഖലകളും കൊവിഡിൽ ആടിയുലഞ്ഞു നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം അടക്കം ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപത്തിന് കേന്ദ്രസർക്കാർ നിർബന്ധിതരാണ്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
നാണ്യവിളകള്‍ക്ക് പ്രത്യേക സഹായവും, റബ്ബർ താങ്ങുവിലയും ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്നു. ,ചെറുകിട വ്യവസായങ്ങൾക്ക് സഹായം,തൊഴിലുറപ്പിലും തൊഴിൽ ലഭ്യതക്കും കൂടുതൽ പ്രഖ്യാപനങ്ങൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്. തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള പ്രത്യേക പുനരധിവാസ പാക്കേജും ബഡ്ജറ്റില്‍ ഉള്‍പ്പെടുമെന്ന് കേരളം പ്രതീക്ഷിക്കുന്നു.,
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും. കൊവിഡിൽ ഇടറി വീണ കേരളത്തിന് ഇത്തവണയും കേന്ദ്രത്തിന്‍റെ പ്രത്യേക പാക്കേജ് സ്വപ്നം മാത്രമാകുമോ എന്നും കണ്ടറിയണം.

