നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത്​ സമ്മേളനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Print Friendly, PDF & Email

കൊറോണ(കോവിഡ്-19) വൈറസിനെതിരെയുള്ള രാജ്യത്തിന്‍റെ യുദ്ധത്തില്‍ കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം. കോവിഡ്​ ബാധിച്ച്​ ലോകത്താകമാനം ജനങ്ങൾ മരിക്കുന്നു. എല്ലാ ഇടങ്ങളും അടഞ്ഞു കിടക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു ഡൽഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസ് കേന്ദ്രമാക്കി ആയിരങ്ങളെ സംഘടിപ്പിച്ചുകൊണ്ടു തബ്ലീഗ് ജമാഅത്ത്​ സമ്മേളനം സംഘടിപ്പിച്ചത്. ഏതാണ്ട് നൂറു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മര്‍ക്കസ് നിസാമുദ്ദീന്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം ഏതാണ്ട് 8000ത്തില്‍ പരം ആളുകള്‍ വിവിധ ദിവസങ്ങളിലായി ഇവിടെ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാന സമ്മേളന ദിവസങ്ങളായ മാര്‍ച്ച് 19നും 23നും ഇടയിലായി തന്നെ വിദേശികള്‍ അടക്കം രണ്ടായിരത്തില്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ 15 ദിവസം നീണ്ടു നിന്ന ഈ സമ്മേളനത്തില്‍ എത്ര പേര്‍ പങ്കെടുത്തു വെന്ന് കൃത്യമായ വിവരം സംഘാടകര്‍ക്കു പോലും ഇല്ല എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത.

ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ജീവിതകാലത്തെ ആചാരങ്ങളും ജീവിതചര്യകളും തിരച്ചുകൊണ്ടുവരുന്നതിന് പ്രേരിപ്പിക്കുന്ന ഒരു ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്. ഇസ്‌ലാമിന്റെ ആത്മീയ നവീകരണം ലക്ഷ്യം വച്ച് ഇന്ത്യയിലെ മേവാട്ട് മേഖലയില്‍ മുഹമ്മദ് ഇല്യാസ് അൽ-കാന്ധ്‌ലവി 1927ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനം ഇന്ന് 200ല്‍ പരം രാജ്യങ്ങളിലായി 150 മുതൽ 250 ദശലക്ഷം വരെ അനുയായികളുള്ള ഇസ്ലാമിലെ ഏറ്റവും വലിയ മത പ്രസ്ഥാനങ്ങളിലൊന്നായി മാറികഴിഞ്ഞു. തിന്മയ്ക്കെതിരായ പോരാട്ടത്തിൽ മുസ്‌ലിംകൾ നിരന്തരമായ ആത്മീയ ‘ജിഹാദി’ന്റെ (യുദ്ധത്തിന്‍റെ) അവസ്ഥയിലാണെന്നും ഈ ‘ജിഹാദി’ല്‍ വിജയിക്കുന്നതിനുള്ള ആയുധം ‘ദാവ’ (മതപരിവർത്തനം) ആണെന്നും വിശ്വസിക്കുന്ന തബ്ലീഗി ജമാഅത്ത് അതിനായി ഇലക്ട്രോണിക്‍ മാധ്യമങ്ങളേക്കാളുപരി വ്യക്തിഗത ആശയവിനിമയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അവരുടെ ഈ വിശ്വാസമാണ് രാജ്യം മുഴുവനും കൊറോണ വൈറസിനെ പടര്‍ത്തുവാന്‍ ഇപ്പോള്‍ കാരണമായിരിക്കുന്നതും.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍ന്ന് കുറ​ച്ച്​ പേ​രെ നിസാമുദ്ദീന്‍ മര്‍ക്കസ്സില്‍ നിന്ന് ഡല്‍ഹി രാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് എല്ലാ കോവിഡ-19 വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് 2000ത്തില്‍ പരം ആളുകള്‍ മര്‍ക്കസ്സിലും പരിസരത്തും കഴിയുന്നുണ്ടെന്ന വിവരം അധികൃതര്‍ അറിയുന്നത്. അവരില്‍ കോവിഡ്-19 നിര്‍ണ്ണയം നടത്തിയ 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ കേന്ദ്ര – സംസ്ഥാന ആരോഗ്യ വകുപ്പധികൃതര്‍ അപകടം മണത്തു. അവര്‍ തിരക്കിട്ട് മര്‍ക്കസ്സില്‍ എത്തിയെങ്കിലും ആദ്യഘട്ടത്തില്‍ പ്രവേശനം അനുവദിച്ചില്ല. പ്രശ്നം രൂക്ഷമാകുമെന്ന് ബോധ്യപ്പെട്ട മര്‍ക്കസ അധികൃതര്‍ പ്രവേശനം അനുവദിച്ചതോടെ അകത്തു കയറിയ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടത് യാതൊരു സാമൂഹിക അകലവും പാലിക്കാതെ കൂട്ടമായി താമസിക്കുന്ന ജനക്കൂട്ടത്തെ.

281 വിദേശികളെയാണ് നിസാമുദ്ദീന്‍ പൊലീസ് കണ്ടെത്തിയത്. ഇവരില്‍ 19 പേര്‍ നേപ്പാളികളാണ്. മലേഷ്യയില്‍ നിന്ന് 20, ഇന്തോനേഷ്യയില്‍ നിന്ന് 72, മ്യാന്മറില്‍ നിന്ന് 33, ബംഗ്ലാദേശില്‍ നിന്നു 19, കിര്‍ഗിസ്ഥാനില്‍ നിന്ന് 28, ഇംഗ്ലണ്ടില്‍ നിന്ന് 3, തായ് ലാന്‍ഡില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും 7 പേര്‍ വീതവും അഫ്ഗാനിസ്താന്‍‍, അല്‍ജീരിയ, ജിബൂത്തി, സിഗപ്പൂര്‍, ഫിജി, ഫ്രാന്‍സ്, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരേ വീതവും പോലീസ് കണ്ടെത്തി. ഇവരില്‍ പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ നിന്ന്മാത്രം 4000ത്തോളം ആളുകള്‍ സമ്മേളനത്തില്‍ പങ്കടുത്തിരുന്നു. തെലങ്കാനയില്‍ നിന്നും തമിള്‍നാട്ടില്‍ നിന്നും 1500ല്‍ പരം ആളുകള്‍ വീതം പങ്കെടുത്തിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കേരളത്തില്‍ നിന്ന് 70പേര്‍ പങ്കെടുത്തുവെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

സമ്മേളന കാലത്തു തന്നെ പ്രചാരണത്തിനായി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് പ്രതിനിധികള്‍ സഞ്ചരിച്ചതായി തെളിഞ്ഞു. ഡല്‍ഹിയിലും തമിള്‍നാട്ടിലും തെലുങ്കാനയിലും സമ്മേളനത്തില്‍ പങ്കെടുത്തവരുടെ സമ്പര്‍ക്കം മൂലം രോഗം പടര്‍ന്നതായി സ്ഥിരീകരിച്ചു. മര്‍ക്കസിലെ സ്ഥല പരിമിതി മൂലം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന നിസാമുദ്ദീനിലെ പലവീടുകളിലും ആണ് പുറത്തുനിന്നെത്തുന്ന പല പ്രതിനിധികള്‍ക്കും താമസ സൗകര്യം ഒരുക്കിയത്. ഇതും കൊറോണ വ്യാപനത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിച്ചു. അതിനാല്‍ മര്‍ക്കസ്സിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴുപ്പിച്ചിരിക്കുകയാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത ഏതാണ്ട് 1300ഓളം പേരെ മാത്രമേ ഇതുവരെ കണ്ടെത്തുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ഏറ്റവും ചുരുങ്ങിയത് 8000 പേരെ എങ്കിലും കണ്ടെത്തുവാനുള്ള ഹെര്‍ക്കൂലിയന്‍ ടാസ്ക് ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുമ്പിലുള്ളത്. സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആരും സ്വയം വെളിപ്പെടുത്തി മുമ്പോട്ടു വരുന്നില്ല എന്നത് അവരുടെ പ്രയത്നം കൂടുതല്‍ ദുഷ്കരമാക്കുന്നു. കൂടാതെ പൊതുഗതാഗതം ഉപയോഗിച്ച് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് മതപ്രഭാഷണങ്ങളും സൗഹൃദ സന്ദര്‍ശനങ്ങളും നടത്തിയ പ്രതിനിധികളേയും വിവിധ സംസ്ഥാങ്ങളില്‍ നിന്ന് വന്ന് തിരിച്ചു പോയവരേയും പിന്തുടര്‍ന്ന് കണ്ടെത്തുക എന്നത് എത്ര മാത്രം വിജയിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ഇതുവരെ നടത്തിയ പ്രയത്നങ്ങള്‍ക്കും നേടിയ നേട്ടങ്ങള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം.

 

cejd];d;d