ഉദിച്ചുയര്‍ന്ന് ചെന്നൈ…..!!!!
മുംബൈ : ഐപിഎൽ പതിനൊന്നാം സീസണിൽ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ശേഷിക്കെയാണ് ചെന്നൈ മറികടന്നത്.ഷെയ്ൻ വാട്സണിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഹൈദരാബാദിനെ തകർത്തത്. സീസണിലെ രണ്ടാം സെഞ്ച്വറിയാണ് വാട്സന്റേത്. 51 പന്തിലാണ് വാട്സൺ സെഞ്ച്വറി തികച്ചത്.
57 പന്തിൽ 11 ഫോറുകളും എട്ട് കൂറ്റൻ സിക്സറുമടിച്ച വാട്സൺ 117 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്ന 32 റൺസെടുത്തു പുറത്തായി. വാട്സണൊപ്പം 13 റൺസെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തിൽ 178 റൺസാണെടുത്തത്.ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ എം.എസ് ധോണി ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. യൂസഫ് പഠാന്റെയും കെയ്ൻ വില്യംസണിന്റെയും പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.
വില്യംസൺ 36 പന്തിൽ 47 ഉം പഠാൻ 25 പന്തിൽ 45 ഉം റൺസെടുത്തു.അവസാന ഓവറുകളിൽ ബ്രാത്‌വെയ്റ്റിന്റെ ആളിക്കത്തലാണ് ഹൈദരാബാദിനെ 178 ൽ എത്തിച്ചത്. ചെന്നൈക്ക് വേണ്ടി ബൗൾ ചെയ്തവരിൽ ദീപക് ചാഹറും ലുങ്കി എൻഗിഡിയും പിശുക്ക് കാട്ടിയപ്പോൾ ജഡേജയും ബ്രാവോയും ഹൈദരബാദ് ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. വില്യംസണെ പുറത്താക്കാൻ ക്യാപ്ടൻ ധോണി നടത്തിയ മിന്നൽ സ്റ്റമ്പിംഗ് നിർണായകമായി