തരംഗമായി “മാനം നിറയെ വർണ്ണങ്ങൾ”
ബെംഗളൂരുവിലെ യുവ സാഹിത്യകാരൻ ഡോ. പ്രേംരാജ് കെ കെ എഴുതിയ ചെറുകഥാ സമാഹാരം “മാനം നിറയെ വർണ്ണങ്ങൾ ” ആസ്വാദക ഹൃദയങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ് . കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയയായ ഡോ. പ്രേംരാജ് കഴിഞ്ഞ 22 വർഷങ്ങളായി ബാംഗളൂരിൽ സ്ഥിരതാമസമാണ്. ബിസിനസ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ പ്രേംരാജിന്റെ രണ്ടാമത്തെ ചെറുകഥാ സമാഹാരമാണ് മാനം നിറയെ വർണങ്ങൾ. സമകാലീക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്.
മനെ ബേക്കാ മനെ : വീട്ടിൽ ഇരിക്കുന്ന ഭാര്യമാരുടെ കുത്തുവാക്കുകൾ കേട്ടാലും സ്വന്തം ജോലിഭാരം ആരെയും അറിയിക്കാതെ കൊണ്ടുനടക്കുന്ന യുവാക്കളുടെ പ്രതീകമാണ് രമേശ്. ഈ കഥയിൽ സെയിൽസ് / മാർക്കറ്റിംഗ് എന്നിവയുടെ വ്യത്യാസങ്ങൾ നമുക്ക് പരിചയപ്പെടുത്തുന്നു
“ടാർഗറ്റ്’ എന്ന മലയുടെ മുകളിൽ എത്താൻ പാടുപെടുന്ന സെയിൽമാന്റെ യാതനകൾ വളരെ നന്നായി പ്രതിപാദിക്കുന്നു. ജീവിത സാഹചര്യങ്ങൾ മൂലം ഇഷ്ടപ്പെടുത്ത ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയെ നന്നായി വിവരിച്ചിരിക്കുന്നു.
കല്യാൺ നഗറിലെ പല്ലി: പേരിൽ നിന്നും ഉരുത്തിരിഞ്ഞ കൗതുകം. ഭർത്താവിനെ പല്ലിയോടും കുറുനരിയോടും ഉപമിച്ച രൂപശ്രീ എന്തിനിങ്ങനെ വിവരിച്ചു എന്നു വായിച്ചപ്പോൾ രൂപശ്രീ ഞാൻ ആണോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഞാനും പലപ്പോഴും ചോദിക്കാറുള്ള ചോദ്യങ്ങൾ . കംപ്യൂട്ടറിൽ ഒരു ചെറിയ ഇഷ്യൂ വന്നാൽ ഉണ്ടാകുന്ന സമ്മർദ്ദം ഞാനും നന്നായി അനുഭവിച്ചിട്ടുണ്ട്.
കമ്പിളിപ്പുതപ്പ്: അമേരിക്കയിൽ നിന്നു കസിന്റെ മകനുവേണ്ടി വാങ്ങിയ കമ്പിളിക്കുപ്പായം. കുഞ്ഞിനു പകമല്ലാതെ വരുന്ന ആ കമ്പിളിക്കുപ്പായം ആളു മാറി അടുത്ത ഉടമസ്ഥനെ തേടിയെത്തുമ്പോൾ കുപ്പായത്തെ ഇന്ത്യയിൽ എത്തിച്ച ആൾ വീണ്ടും കൂട്ടിമുട്ടുന്ന. അങ്ങനെ പല സ്ഥലങ്ങളിൽ വീണ്ടും വീണ്ടും ഉള്ള കൂടിക്കാഴ്ച. എന്റെ ചെറുപ്പ കാലത്ത് മൂത്ത മൂത്ത സഹോദരങ്ങൾ ചെറുതായ ഉടുപ്പുകൾ അനുജത്തിയായ എനിക്കു വേണ്ടി സൂക്ഷിച്ചു വെച്ചിരുന്ന ഓർമ്മയാണ് പെട്ടന്ന് വന്നത് അങ്ങനെ ശരീരത്തിൽ കയറാത്ത ആ കമ്പിളിക്കുപ്പായം അങ്ങനെ കറങ്ങിനടന്നു , ചില വിശ്വാസങ്ങളിലെ പരലോകം കിട്ടാതെ അലഞ്ഞുനടക്കുന്ന ആത്മാവുപോലെ.
ബീകര ഊട്ട : നമ്മുടെ നാട്ടിൽ എങ്ങനെ ഒരു പരിപാടി ഉണ്ടോ എന്നറിയില്ല. ഞാൻ പലപ്പോഴും ഇതിൽ പങ്കുകൊണ്ടിട്ടുണ്ട്. നമ്മുക്കു കിട്ടുന്ന സമ്മാനങ്ങൾ മറ്റു സന്ദർഭങ്ങളിൽ നാം കൈമാറുന്നത് ഇതിൽ രസകരമായി എടുത്തു കാണിക്കുന്നു. ഇതിന്റെ ക്ളൈമാക്സ് 3 idiots എന്ന സിനിമ ഓർമ്മപ്പെടുത്തി.
മൗനമേ നിറയും മൗനമേ: സഹോദരങ്ങൾ തമ്മിൽ ഉള്ള ഊഷ്മളമായ സ്നേഹം അമ്മുമ്മയ്ക്ക് പേരക്കുട്ടിയോടുള്ള അനിർവചനീയമായ സ്നേഹം .. 13 വർഷം മുമ്പേ ഇതേ ഒരു സാഹചര്യത്തിൽ കൂടെ കടന്നുപോയ ഞാൻ ഇതു സ്വന്തം കഥയുമായി തട്ടിനോക്കിയപ്പോൾ കണ്ണും ഹൃദയവും ഒരുപോലെ സങ്കടത്തിലാഴ്ന്നു.
ചക്രവാളത്തിലേക്കുള്ള ദൂരം: ലെനയെപ്പോലെ അറിയാതെ ഒരു കെണിയിൽ അകപ്പെട്ടു പോകുന്ന ഇന്നത്തെ കുട്ടികൾ തെറ്റുകളിൽ നിന്ന് രക്ഷപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു. അവരെ രക്ഷിക്കാൻ , ഒരു കൈ കൊടുത്ത് മുകളിലേക്കുയർത്താനും മുന്നോട്ടു നയിക്കാനും എന്നും ഒരാൾ വരട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഒരോർമ്മയുടെ വസന്തം: തിന്നുവാൻ കിട്ടിയില്ലെങ്കിലും മനസ്സുനിറയെ വായിക്കാൻ കിട്ടണം ഇത് എന്നെ പറ്റിയാണ് , എന്നെ തന്നെ പറ്റിയാണ്…. അതിനാൽ ഈ കഥയും എനിക്ക് പ്രിയപ്പെട്ടതായി, പഠനത്തിന്റെ വില മനസിലാക്കി തന്ന കഥ,
ഇതിൽ മിക്കതും എന്റെ ജീവിതവുമായി അല്ലെങ്കിൽ നിങ്ങളുടെ ആരുടെയൊക്കെയോ ജീവിതവുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നു എന്നു ഞാൻ കരുതുന്നു. എല്ലാവർക്കും വായിക്കാൻ പറ്റിയ വളരെ ലളിതമായി എഴുതിയിരിക്കുന്നു. നർമ്മത്തിൽ ചാലിച്ച് അതീവ ശക്തമായ ചില സാമൂഹിക കാഴ്ചപ്പാടുകളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
– ഷൈനി അജിത്

