ചൂഷണത്തിന് വിലങ്ങിടുവാന്‍ ഹൈക്കോടതി. പെട്രോളും ഡീസലും ജി എസ് ടി പരിധിയിൽ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്രത്തിന് നോട്ടീസ്.

Print Friendly, PDF & Email

പെട്രോളും ഡീസലും ജി എസ് ടി നികുതി ഘടനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയിൽ നിർണായക നീക്കവുമായി കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ ആറാഴ്‌ചക്കകം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വാദിക്കുന്ന സംസ്ഥാന ഗവര്‍മ്മെന്‍റിനും കേരള ഹൈക്കോടതയുടെ ഈ നീക്കം തിരിച്ചടി ആയിരിക്കുകയാണ്.

മുൻ കാലടി സ‍ർവകലാശാല വൈസ് ചാൻസലർ ഡോ എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിക്കാരൻ നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതി പിരിയ്ക്കുന്നത് നി‍ർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

മോദി അധികാരത്തില്‍ കയറിയതിനു ശേഷം അഭൂതപൂര്‍വ്വമായ ഇന്ധന വിലവര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അതിനൊറ്റ കാരണമേയുള്ളൂ, ഇന്ധനത്തിനുമേല്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഏര്‍പ്പെടുത്തിയ നികുതി. 2014ൽ മോദി സര്‍ക്കാർ ആദ്യമായി അധികാരത്തിലേറുമ്പോൾ ഒരു ലീറ്റർ പെട്രോൾ വിറ്റാൽ കേന്ദ്ര സർക്കാരിന് എക്സൈസ് നികുതിയായി ലഭിച്ചിരുന്നത് 9.48 രൂപ. ഇന്നത് 30.90 രൂപ. 2014ൽ ഒരു ലീറ്റർ ഡീസലിൽനിന്ന് കേന്ദ്രത്തിനു ലഭിച്ചിരുന്നത് 3.56 രൂപ. ഇന്ന് 31.80 രൂപ. കഴിഞ്ഞ ആറു വർഷത്തിനിടെ പെട്രോളിന്റെ എക്സൈസ് നികുതിയിൽ വരുത്തിയ വർധന 206%. ഡീസലിന്റെ നികുതിയിൽ വരുത്തിയ വർധന 377 ശതമാനം. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ പെട്രോൾ, ഡീസൽ വിൽപനയിലൂടെ സർക്കാരിനു ലഭിച്ച നികുതി വരുമാനം 2.94 ലക്ഷം കോടി രൂപ !!

ഇനി, അതിസമ്പന്നർക്കു ചുമത്തുന്ന കോർപറേറ്റ് നികുതി എത്രയെന്നു നോക്കാം. 2015ൽ കോർപറേറ്റ് ടാക്സ് 34.61%. നിലവിലെ ടാക്സ് 25.17%. കോർപറേറ്റ് ടാക്സ് കുറച്ചതുവഴി വർഷം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. കോർപറേറ്റ് ടാക്സ് പോലുള്ള പ്രത്യക്ഷ നികുതിയിൽനിന്നുള്ള വരുമാനം 2019–20 കാലയയളവിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.2% ആയിരുന്നത് 2020–21 ആയപ്പോഴേക്കും 4.7% ആയി കുറഞ്ഞു. ഇതേ കാലയളവിൽ പരോക്ഷ നികുതി (പെട്രോളിയം ഉൽപന്നങ്ങളടക്കമുള്ളവയുടെ വിൽപനയിൽനിന്നു ലഭിക്കുന്നത്) ജിഡിപിയുടെ 4.7ശതമാനത്തിൽനിന്ന് 5.1 ശതമാനമായി കൂടി.!!

സാധാരണ വ്യക്തികളിൽനിന്നുള്ള വരുമാന നികുതിയേക്കാൾ കൂടിയ തുകയാണ് കോർപറേറ്റുകളിൽനിന്നുള്ള വരുമാന നികുതിയായി സർക്കാരിനു ലഭിക്കാറുള്ളത്. നിലവിൽ ആ കണക്കുകളും തകിടംമറിഞ്ഞു. 2020ൽ കോർപറേറ്റ് ടാക്സിൽനിന്ന് 4.57 ലക്ഷം കോടി രൂപ സർക്കാരിന് ലഭിച്ചപ്പോൾ വ്യക്തികളിൽനിന്നുള്ള വരുമാനനികുതിയിനത്തിൽ ലഭിച്ചത് 4.69 ലക്ഷം കോടി രൂപ..!!. വികസനത്തിനു പണമില്ല എന്നുപറഞ്ഞ് ഇന്ധനനികുതിയില്‍ ഒരു ചില്ലികാശു കുറക്കുവാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല. അതിനാലാണ് 2017 ജൂലൈയില്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഇന്ധന വില മാത്രം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയത്. ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്താണ് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •