2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു

Print Friendly, PDF & Email

2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരും. മെയ് 23 മുതൽ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബർല 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ വ്യക്തമാക്കി.

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 2000 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കുന്നത് നേരത്തെ തന്നെ നിർത്തിവെച്ചിരുന്നതായാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ കുറിപ്പിലുള്ളത്.

റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചതോടെ ആയിരം രൂപ കറൻസി തിരികെ വരാൻ സാധ്യതയേറിയെന്ന് സാമ്പത്തിക വിദഗ്ദ്ധൻ സി ഷൈജുമോൻ. സെപ്തംബർ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്. അതിന് ശേഷം നിലവിലെ കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും. എന്നാൽ ആ ഘട്ടമാകുമ്പോഴേക്കും വലിയ കറൻസി വിപണിയിലെത്തുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘വിലക്കയറ്റം കൂടുമ്പോഴും മൂല്യവർധന ഉണ്ടാകുമ്പോഴും ജനങ്ങളുടെ സൗകര്യത്തിനാണ് വലിയ കറൻസി നാട്ടിലുണ്ടാകേണ്ടത്. 1960 കളിൽ രാജ്യത്ത് പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയുമൊക്കെ കറൻസി ഉണ്ടായിരുന്നു. പിന്നീട് അത് പരമാവധി ആയിരത്തിലേക്കും പിന്നീട് 2000വുമായി. വലിയ സാമ്പത്തിക ക്രയവിക്രയങ്ങൾ ഡിജിറ്റലായി മാറി. ഇപ്പോൾ ജനത്തിന് ചെറിയ കറൻസി നോട്ടുകളാണ് ആവശ്യം. ഒരുപക്ഷെ ആയിരത്തിന്റെ നോട്ട് തിരികെ വന്നേക്കും. അതുമല്ലെങ്കിൽ 3000 ത്തിന്റേയോ അതിലും വലിയ കറൻസി വരാനും സാധ്യതയുണ്ട്,’- ഷൈജുമോൻ പറഞ്ഞു.

‘വിലക്കയറ്റം കഴിഞ്ഞ രണ്ടാഴ്ചയായി ഡീഫ്ലേഷൻ എന്ന നിലയിൽ താഴേക്ക് പോയി. എങ്കിലും ഗ്രാമങ്ങളിലൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവിടങ്ങളിൽ പണം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആയിരത്തിന്റെ നോട്ട് തിരികെ വരാനോ മൂവായിരം പോലെ വലിയ മൂല്യമുള്ള കറൻസി നിലവിൽ വരാനും സാധ്യതയുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്,’- എന്നും അദ്ദേഹം ആവർത്തിച്ചു.

ഇന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 23 മുതൽ 20000 ത്തിന്റെ കെട്ടുകൾ തവണകളായി ബാങ്കുകളിൽ വെച്ച് മാറാവുന്നതാണ്. സെപ്തംബർ 30 വരെയാണ് നോട്ട് മാറാനുള്ള സമയം. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 181 കോടി എണ്ണം 2000 രൂപ നോട്ട് മാത്രമാണ്.

2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ വിപണിയിലിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പിൽക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിൻവലിച്ചു. നിലവിലെ സാഹചര്യത്തിൽ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയിൽ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.

കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വർഷത്തിന് ശേഷം കേന്ദ്രം പിൻവലിക്കുന്നത്.നിലവിൽ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. ഇനിയിത് 500 രൂപയാകും

Pravasabhumi Facebook

SuperWebTricks Loading...