“സർക്കാറിനാകാമെങ്കിൽ പിന്നെന്ത് കൊണ്ട് നമ്മൾക്ക് ആയിക്കൂടാ…? ”
“സർക്കാറിനാകാമെങ്കിൽ പിന്നെന്ത് കൊണ്ട് നമ്മൾക്ക് ആയിക്കൂടാ” ചോദിക്കുന്നത് തിരുവനന്തപുരം ആഴൂർ പഞ്ചായത്ത് വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് ജില്ലാ തല വൈസ് പ്രസിഡന്റുമായ എസ്. സജിത്ത്. ജൂൺ 15 നാണ് കല്ലമ്പലം സ്വദേശനിയുമായി സജിത്തിന്‍റെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കല്യാണക്കുറിയും അടിച്ചു കഴിഞ്ഞു. നിലവിലെ സ്ഥിതിയനുസരിച്ച് വിവാഹത്തിന് 20 പേർക്കേ പങ്കെടുക്കാൻ കഴിയു. ആ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ അരങ്ങേറിയത്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ, വിശാലമായ പന്തലിൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിച്ചാണ് ചടങ്ങു നടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അങ്ങനെയങ്കില്‍ തന്‍റെ വിവാഹവും അതേ മാനദണ്ഡങ്ങള്‍ പാലിച്ച് എന്തുകൊണ്ട് നടത്തിക്കൂടാ എന്നാണ് സജിത്തിന്‍റെ ചോദ്യം. അതിനായി, രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ മാതൃകയിൽ, 500 പേരെ പങ്കെടുപ്പിച്ച് തന്‍റെ വിവാഹം നടത്താൻ പോലീസിന്റെ അനുമതി തേടി കാത്തിരിക്കുകയാണ് സജിത്ത്.
ശാർക്കര ക്ഷേത്രത്തിൽ വിശാലമായ മൈതാനത്തിൽ പന്തലിട്ട് സത്യപ്രതിജ്ഞ ചടങ്ങിനായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ എല്ലാ നിയമങ്ങളും പാലിച്ച് ചടങ്ങ് നടത്താൻ അനുവാദം നല്കണമെന്നാവശ്യപ്പെട്ടാണ് സജിത്ത് ചിറയിൻകീഴ് പോലീസിന് അപേക്ഷ സമർപ്പിച്ചത്. സജിത്തിന്‍റെ അപേക്ഷ ആദ്യം വാങ്ങാൻ വിസ്സമ്മതിച്ച ചിറയിൻകീഴ് പോലീസ് താന്‍ കോടതിയെ സമീപിക്കും എന്ന് പറഞ്ഞതോടെ അപേക്ഷ വാങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചിട്ട് തീരുമാനം അറിയാക്കാമെന്നായിരുന്നു മറുപടി. വിശാലമായ ക്ഷേത്ര മൈതാനത്ത് പന്തലിട്ട് സാമൂഹികമായ അകലം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയതു പോലെ തന്റെ വിവാഹം നടത്താനുള്ള അനുമതി നൽകണമെന്നാണ് സജിത്തിൻറെ അപേക്ഷ. മറുപടി കിട്ടി കഴിഞ്ഞിട്ട് ആളുകളെ വിവാഹത്തിന് ക്ഷണിച്ച് തുടങ്ങാമെന്നാണ് സജിത്തിന്റെ തീരുമാനം.