രാത്രികളെ പകലുകളാക്കി മാറ്റി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തയ്യാറെടുത്ത് കര്‍ണ്ണാടകം.

Print Friendly, PDF & Email

കര്‍ണാടകത്തില്‍ കടകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കും വര്‍ഷം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ദിവസം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ കര്‍ണാടകത്തിലെ നഗരങ്ങള്‍ പ്രത്യേകിച്ച് ബെംഗളൂരു മഹാനഗരം പല പാശ്ചാത്യ നഗരങ്ങളേപോലെ ഉറക്കമില്ലാത്ത നഗരമായി മാറും… രാത്രികള്‍ സജീവമാകും. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുക,സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ വിപ്ലവകരമായ ഈ പുതിയ നീക്കം.

കര്‍ണാടക ഷോപ്സ് ആന്‍റ് കോമേര്‍ഴ്സ്യല്‍ ഏസ്റ്റാബ്ലീഷ് മെന്‍റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഷോപ്പുകൾ, വാണിജ്യ സ്ഥാപന സ്ഥാപനങ്ങൾ, മാളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾക്കും ചില്ലറ വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും പുതിയ നിയമം ബാധകമാകുമെങ്കിലും പ്രത്യേക ചട്ട പ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ പബ്ബുകൾക്കും ക്ലബ്ബുകൾക്കും ബാറുകൾക്കും ഈ നിയമം ബാധകമായിരിക്കില്ല.

പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുളള കടകള്‍ക്കും ഇതര വ്യാപാരസ്ഥാപനങ്ങള്‍ക്കും ആയിരിക്കും വര്‍ഷം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ ദിവസത്തില്‍ എട്ടുമണിക്കൂറില്‍ കൂടുതലോ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ തൊഴിലെടുപ്പിക്കാന്‍ പാടില്ല. എല്ലാ ജീവനക്കാര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം. ദിവസത്തില്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ ടൈം അലവന്‍സ് നല്‍കണം. അവധി ദിവത്തിലോ, സാധാരണ ജോലിസമയത്തിന് പുറത്തോ ഓവര്‍ടൈം ഉടമ്പടി ഇല്ലാതെ ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നിയമപരമായ നടപടികള്‍ കൈക്കൊളളും. ഷിഫ്റ്റ് സമയക്രമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരേയും നടപടിയെടുക്കും.

സാധാരണ സാഹചര്യങ്ങളില്‍ സ്ത്രീ ജീവനക്കാരെ രാത്രി എട്ടുമണിക്ക് ശേഷം ജോലി ചെയ്യിപ്പിക്കരുത്. എന്നാല്‍ സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ നിയമിക്കുകയാണെങ്കില്‍ രാത്രി സമയത്ത് ജോലി ചെയ്യാന്‍ തയ്യാറാണെന്നുളള വനിതാ ജീവനക്കാരിയുടെ സമ്മത പത്രം എഴുതി വാങ്ങണം. ഒപ്പം അവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുകയും വേണം. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ വ്യവസ്ഥകള്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനവും തുടര്‍ന്ന് ഉണ്ടായ നീണ്ട കാലത്തെ ലോക്‍ഡൗണിലും തകര്‍ന്ന പോയ വ്യാപര മേഖലയേയും അതിനേ തുടര്‍ന്നു സാധാരണക്കാര്‍ക്കുണ്ടായ തൊഴില്‍ നഷ്ടത്തില്‍ നിന്നും സാന്പത്തി തകര്‍ച്ചയില്‍ നിന്നും മോചനം ലഭിക്കുവാന്‍ സര്‍ക്കാരിന്‍റെ പുതിയ നീക്കം കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

  •  
  •  
  •  
  •  
  •  
  •  
  •