തക്കാളി മോഷണം വ്യാപകം. ജയ്പൂരിലേക്ക് പോയ ട്രക്ക് കാണാതായി.
സ്വര്‍ണ്ണ കവർച്ചയുടേയും ബാങ്ക് കൊള്ളയുടേയും കഥകള്‍ പഴയത്. ഇന്ന് ഉയരുന്നത് തക്കാളിക്കൊള്ളയുടെ കഥകള്‍. തക്കാളിയുടെ വില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിൽ ഉയർന്നതോടെയാണ് സ്വര്‍ണ്ണ മോഷണത്തിന്‍റെ സ്ഥാനം തക്കാളി ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടകയില്‍ തന്നെ തക്കാളി മോഷണത്തിന്റെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോവുകയായിരുന്ന ഏകദേശം 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ ട്രക്ക് കാണാതായി വന്ന റിപ്പോര്‍ട്ടാണ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവം.
കോലാറിലെ മെഹത് ട്രാൻസ്‌പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ട്രക്ക് ജൂലൈ 27 ന് കോലാറിൽ നിന്ന് പുറപ്പെട്ടു, ജൂലൈ 29 ന് രാത്രി ജയ്‌പൂരിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. ട്രക്ക് വാടകയ്‌ക്കെടുത്ത വ്യാപാരികൾ വാഹനം കാണാതായതിൽ ആശങ്ക പ്രകടിപ്പിച്ചു, എന്തെങ്കിലും അപകടമുണ്ടായാൽ തങ്ങള്‍ അപ്പോൾ അറിയേണ്ടതായിരുന്നു വെന്ന് അവര്‍ പറഞ്ഞു. ഡ്രൈവർ ട്രക്ക് തട്ടിയെടുക്കുകയോ മോഷ്ടിക്കുകയോ ചെയ്‌തിരിക്കാമെന്ന് അവർ ഭയപ്പെടുന്നു. ട്രക്ക് 1,800 കിലോമീറ്റർ ദൂരം പിന്നിട്ടെന്നും മഹാരാഷ്ട്രയിലെ നാസിക്കിലാണ് അവസാനമായി അറിയപ്പെടുന്ന ജിപിഎസ് ലൊക്കേഷൻ എന്നും അന്വേഷണത്തില്‍ വ്യക്തമായി. അതിനെ തുടർന്ന് കോലാറിലെ മണ്ടി ഉടമ ട്രക്കും അതിലെ തക്കാളി ലോഡും കാണാതായതായി പരാതി നൽകി. സംഭവം നടന്നതുമുതൽ ട്രക്കിന്റെ ഉടമയ്ക്കും ഡ്രൈവറുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞില്ല, ക്ലീനർക്ക് സ്വന്തമായി ഫോൺ ഇല്ലെന്നാണ് റിപ്പോർട്ട്.
തക്കാളിയുടെ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ‘തക്കാളി കവർച്ച’ സംഭവമാണിത്. അടുത്തിടെ ഒരു കേസിൽ, ജൂലൈ 8 ന് ചിത്രദുർഗയിലെ ഒരു കർഷകനിൽ നിന്ന് 2.5 ടൺ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്ത ദമ്പതികളെയും കൂട്ടാളികളെയും ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികൾ മോഷ്ടിച്ച ട്രക്ക് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി, അവിടെ അവർ തക്കാളി വിറ്റതായാണ് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത്.