സൈബര്‍ ആക്രമണങ്ങളില്‍ പോലിസിന് വിപുലമായ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

Print Friendly, PDF & Email

സൈബര്‍ ആക്രമണങ്ങളില്‍ നിയമനടപടിക്ക് പോലിസിന് വിപുലമായ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നവര്‍ക്ക് 5 വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടി ഒരുമിച്ചോ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമ ഭേദഗതി. ഇനിമുതല്‍ ഏതെങ്കിലും വ്യക്തിക്ക് അപമാനകരമായ രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിട്ടാല്‍ പോലീസിന് നേരിട്ട് കേസെടുക്കുവാന്‍ പുതിയ നയമത്തിലൂടെ കഴിയും. മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് നിയമഭേദഗതിയെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് ഓര്‍ഡിനന്‍സിന് ഗവര‍്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

പോലീസ് നിയമത്തില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത ഭേദഗതിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത്. ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പാണ് 118 എ.

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. സൈബറിടങ്ങളില്‍ വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു 118 (എ) എന്ന ഉപവകുപ്പ് കൂട്ടി ചേര്‍ത്തുകൊണ്ടുള്ള നിയമ ഭേദഗതി. എന്നാല്‍ ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. അതിനാല്‍ തന്നെ സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാവുകയാണ്. നിലവില്‍ മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വാർത്തകള്‍ക്കെതിരെ പരാതിയുള്ളവർക്ക് പരാതി നൽകാൻ സംവിധാനങ്ങള്‍ നിലവിലുണ്ട്. അല്ലെങ്കിൽ വാർത്തിയിൽ പരാമർശിക്കുന്നയാൾക്ക് കോടതിയെ സമീപിക്കാം. നിലവിലുള്ള നിയമം ഇത്തരത്തിലാണെന്നിരിക്കെ പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവർത്തകർക്കെതിരകെയോ ഏതു പൊലീസ് സ്റ്റേഷനില്‍ വേണമെങ്കിലും പരാതി നല്‍കാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുത്ത് അറസ്റ്റും ചെയ്യേണ്ടിവരും. അതിനാല്‍ ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടികാട്ടികാണിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •