ഇന്ന് മുതൽ സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ…

Print Friendly, PDF & Email

സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായും ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മാർച്ച് 24 മുതൽ 27 വരെ നടത്തിയ ബസ് സമരത്തെ തുടർന്നായിരുന്നു സർക്കാർ തീരുമാനം.

ഓട്ടോറിക്ഷകൾക്ക് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നൽകണം. ക്വാഡ്രി സൈക്കിളിന് മിനിമം ചാർജ് 35 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ചാർജ്. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് അഞ്ചു കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആയിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 225 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും. എന്നാല്‍ ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറയ്ക്കും.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. നിരക്ക് വർധിപ്പിക്കാനുള്ള രാമചന്ദ്രൻ കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് പിന്നീട് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

  •  
  •  
  •  
  •  
  •  
  •  
  •