INDIANEWS MAINTECHNOLOGY

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുവാന്‍ നിയമനിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാര്‍

കൂണുപോലെ മുളച്ചുപൊന്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് നിയമനിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാര്‍. ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. അതിനായുള്ള രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍ (ആര്‍പിപി) ബില്‍ -2019 ന്റെ കരട് രൂപം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസദ്ധീകരിച്ചു കഴിഞ്ഞു.

2018 ഏപ്രില്‍ 4ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ രൂപം കൊടുത്ത കമ്മറ്റിയാണ് ആര്‍പിപിബില്‍ന്‍റെ കരടിന് രൂപം കൊടുത്തിരിക്കുന്നത്. ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് (പി.ആര്‍.ബി) ചട്ടങ്ങള്‍ റദ്ദാക്കപ്പെടും. പുതിയ നിയമം നിലവില്‍ വരുന്നതോടെ രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമായിമാറും.

ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്ക്, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിക്കുന്ന വാര്‍ത്താ ഉള്ളടക്കമുള്ള ടെക്‌സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്ന ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വിശാലാര്‍ഥത്തിലുള്ള നിര്‍വചനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബില്ലില്‍ നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. അതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദികളാവുകയും ചെയ്യും. എന്നാല്‍, നിലവില്‍ ആര്‍എന്‍ഐയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് വീണ്ടും പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ എന്ന് കരട് ബില്ലില്‍ വ്യക്തമാക്കുന്നില്ല.