വളര്‍ച്ചാ നിരക്കില്‍ കുത്തനെ ഇടിവ്. രാജ്യത്തിന്‍റെ സാന്പത്തിക രംഗം ‘കോമ’യിലേക്ക്…

Print Friendly, PDF & Email

രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കില്‍ നേരിയ ഇടിവേ വന്നിട്ടുള്ളുവെന്നും സാന്പത്തിക മാന്ദ്യം ഉണ്ടായിട്ടില്ല എന്നും ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാറാം പാര്‍ലിമെന്‍റില്‍ പ്രസ്ഥാവിച്ചതിന്‍റെ തൊട്ടുപുറകെ സമ്പദ് രംഗത്തിന്റെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തി സെപ്തംബര്‍ പാദത്തിലെ ജി.ഡി.പി നിരക്ക്. സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമാണ് സാമ്പത്തിക വളര്‍ച്ചയെന്ന് കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നു.

ആറര വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണിത്. ജൂണ്‍ പാദത്തിലെ അഞ്ചു ശതമാനത്തില്‍ നിന്നാണ് കഴിഞ്ഞ പാദത്തില്‍ വളര്‍ച്ച അര ശതമാനം താഴോട്ടു പോയത്. മാന്ദ്യം പിടിച്ചു കെട്ടാന്‍ പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയര്‍ന്ന നികുതി പിന്‍വലിക്കല്‍, കോര്‍പറേറ്റ് നികുതി ഇളവുകള്‍ തുടങ്ങി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ ഒന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്ന് തെളിയിക്കുന്നതാണ് സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. തുടര്‍ച്ചയായ ആറാം പാദത്തിലാണ് ജി.ഡി.പി നിരക്ക് താഴേക്കു പോകുന്നത്.

2013 വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിലാണ് ഇതിന് മുമ്പ് വളര്‍ച്ച ഇത്രയും താഴേക്കു പോയത്. എട്ട് അടിസ്ഥാന വ്യവസായ മേഖലകളിലെ സൂചികയും താഴോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ, മിക്ക റേറ്റിങ് സ്ഥാപനങ്ങളും ജി.ഡി.പി നിരക്ക് താഴുമെന്ന് പ്രവചിച്ചിരുന്നു. കെയര്‍ റേറ്റിങ്, ഐ.സി.ആര്‍.എ, എഡല്‍വിസ് എന്നിവ 4.7 ശതമാനമാണ് ഈ പാദത്തില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ നൊമുറ 4.2 ഉം ഡി.ബി.എസ് 4.2 ഉം ശതമാനമാണ് പ്രവചിച്ചത്. സാമ്പത്തിക വളർച്ച കുറഞ്ഞതു കണക്കിലെടുത്ത് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഈ മാസമാദ്യം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘നെഗറ്റീവ്’ ആക്കിയിരുന്നു.

വളർച്ചാനിരക്കിലെ ഇടിവ് അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹന്‍ സിങ് പറഞ്ഞു. ലോക്‌സഭയിലെ ഭൂരിപക്ഷവും ആഗോള എണ്ണവിലയിലെ കുറവും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാനോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ ഇത് ഉപകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സമൂഹത്തില്‍ വേരോടിയ അവിശ്വാസത്തെ പിഴുതു കളയാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. പരസ്പര വിശ്വാസമുള്ള ഐക്യത്തോടെ നിലകൊള്ളുന്ന സമൂഹമാണ് വേണ്ടത്. ആ സമൂഹത്തിന് സാമ്പത്തിക വളര്‍ച്ച തിരിച്ചു കൊണ്ടുവരാനാകും. ഇന്ന് ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. രാഷ്ട്രീയം മാറ്റിവച്ച് ഈ സുപ്രധാന വിഷയം ചര്‍ച്ചയ്‌ക്കെടുക്കൂ’ – അദ്ദേഹം ആവശ്യപ്പെട്ടു.

മോദി ഗവര്‍മെന്‍റിന് ജിഡിപി എന്നാൽ അവർക്ക് ഗോഡ്സെ ഡിവിസീവ് പൊളിറ്റിക്സ് (ഗോഡ്‌സെയെ ഉപയോഗിച്ചുള്ള വിഭജന രാഷ്ട്രീയം)ആണ്. അവര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ‘കോമ’യിലേക്ക് തള്ളിവിടുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാർത്താസസമ്മേളനത്തിൽ പറഞ്ഞു.