നഗര റോഡുകളില്‍ പ്രത്യേക ബസ് പാത. 20 മുതല്‍ പരീക്ഷണ ഓട്ടം…

Print Friendly, PDF & Email

ബെംഗളൂരു നഗര വാസികളുടെ യാത്ര രീതികളെ അടിമുടി മാറ്റിമറിക്കാവുന്ന സ്വപ്ന പദ്ധതിക്ക് തുടക്കമാകുന്നു. തിരക്കേറിയ നഗര പാതകളിൽ ബി.എം.ടി.സി. ബസുകൾക്ക് മാത്രമായി പ്രത്യേക പാതകൾ നിർമിക്കുന്ന പദ്ധതിയാണ് 20 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുവാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ തിരക്കേറിയ ഔട്ടർ റിങ്‌ റോഡില്‍ സില്‍ക്ക് ബോര്‍ഡ്ല്‍ 20 കിലോമീറ്ററിലാണ് പാതയൊരുക്കുക.

ഫൂട്ട്പാത്തുകൾ പുനഃക്രമീകരിച്ചുകൊണ്ട് 3.5 മീറ്റർ വീതിയിൽ ആയിരിക്കുംബസ് വേകള്‍ നിര്‍മ്മിക്കുക അതിനാല്‍ പ്രധാന പാതയുടെ വീതിയിൽ കുറവുണ്ടാകില്ല. അത്യാവശ്യഘട്ടങ്ങളിൽ ആബുലന്‍സ് ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് ഈ പാതയില്‍ പ്രവേശനം ഉണ്ടാവില്ല. പരീക്ഷണ ഓട്ടത്തിലൂടെ പദ്ധതിയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനു ശേഷം കൂടുതല്‍ റോഡുകളിലേക്ക് ബസ് പാത വ്യാപിപ്പിക്കും. സർജാപുര റോഡ്, ഹൊസൂർ റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ബെല്ലാരി റോഡ്, ബെന്നാർഘട്ട റോഡ്, കനകപുര റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഓഫ് കോർഡ് റോഡ്, തുമകുരു റോഡ് എന്നീ റോഡുകളാണ് ആദ്യ ഘട്ടത്തില്‍ തന്നെ നഗര സര്‍വ്വീസുകള്‍ക്കായി പ്രത്യേക ബസ് പാത ഒരുക്കുക. പ്രത്യേകം ട്രാഫിക് പോലീസുകാരെ നിയോഗിച്ചും കൂടുതൽ സി.സി. ക്യാമറകൾ സ്ഥാപിച്ചും ബസ് പാതകള്‍ തത്സമയം നിരീക്ഷിക്കാനും പദ്ധതിയുണ്ട്.

നിലവിൽ നഗരത്തിലോടുന്ന ബിഎംടിസി ബസ്സുകളുടെ പരമാവധി ശരാശരി വേഗത 10- 12 കിലോമീറ്റർ മാത്രമാണ്. അതിനാല്‍ യാത്രക്കാര്‍ ഇരുചക്ര വാഹനങ്ങളടക്കം മറ്റ് യാത്രമാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബ്ബന്ധിതമാവുകയായിരുന്നു. ബി.എം.ടി.സി.ക്ക് മാത്രമായി പ്രത്യേകപാത വരുന്നതോടെ ബസ് യാത്ര വേഗത 30-40 കിലോമീറ്ററായി വര്‍ദ്ധിക്കും എന്നാണ് കരുതുന്നത്. തിരക്കുള്ള സമയങ്ങളില്‍ സ്വകാര്യ വാഹനങ്ങളേക്കാള്‍ വേഗത്തില്‍ ബിഎംടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതോടെ കൂടുതൽ യാത്രക്കാർ ബസുകളെ ആശ്രയിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് ബസ് യാത്രകള്‍ വൈകുന്നതിനാല്‍ യാത്രക്കാർ ബി.എം.ടി.സി. ബസുകളെ ഉപേക്ഷിച്ച് മറ്റ് യാത്രാ സൗകര്യങ്ങള്‍ തേടുന്ന സാഹചര്യത്തിലാണ് ബസുകൾക്ക് പ്രത്യേക പാതകൾ നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •