നികുതി വെട്ടിച്ചതിന് സീറോമലബാര്‍ സഭക്ക് 3 കോടി രൂപ പിഴ

Print Friendly, PDF & Email

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവാന്‍ പഠിപ്പിച്ച യേശുകൃസ്തുവിന്‍റെ പീഢനുഭവം ആചരിക്കുവാന്‍ തയ്യാറെടുക്കുന്ന വിശ്വാസികള്‍ക്ക് പുതിയ ഉദ്ബോധനവുമായി സിറോ മലബാർ സഭ. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് സീറോമലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതക്ക് പിഴയൊടുക്കുവാന്‍ വിധിച്ചത് മൂന്ന് കോടി രൂപ. ആദ്യഘട്ടമായി 51 ലക്ഷം രൂപ അതീവ രഹസ്യമായി സഭ സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ മാണിക്കത്താൻ ഇന്നലെ ആദായ നികുതി വകുപ്പിൽ അടച്ചു. നഗരത്തിന്‍റെ ഹൃദയഭൂമിയില്‍ നിസാരവിലക്ക് ഭൂമി വിറ്റതിനെചൊല്ലി സീറോ മലബാര്‍ സഭയില്‍ വിവാദം കത്തിപടരുന്നതിനിടയിലാണ് വിറ്റവിലയുടെ നികുതിപോലും അടക്കാതെ ഭൂമി രജിസ്റ്റര്‍ ചെയ്തതിന് കത്തോലിക്ക സഭക്ക് ഇപ്പോള്‍ പിഴ അടക്കേണ്ടി വന്നിരിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്‍റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിച്ചെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിത്. 60 സെന്‍റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഭൂമി വിൽപ്പനക്ക് ഇടനിലക്കാരനായ സാജു വർഗീസ്, ഭൂമി വാങ്ങിയ വി കെ ഗ്രൂപ്പ് എന്നിവർക്കും ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. മറ്റ് നാലിടങ്ങളിലെ ഭൂമി വിൽപ്പനയെക്കുറിച്ച്കൂടി ആദായ നികുതി വകുപ്പ് അന്വേഷണം തുടരുന്നുണ്ട്.

ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്. വൈദിക സമിതിയുമായി ആലോചിക്കാതെ പിഴയടക്കുവാന്‍ നടത്തിയ ഈ രഹസ്യനീക്കം സഭയിൽ പുതിയൊരു വിവാദത്തിനും കൂടി തുടക്കമിട്ടിരിക്കുകയാണ്.

2015ൽ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള 3 ഏക്കർ ഭൂമി സെന്‍റിന് ഒന്പത് ലക്ഷത്തി അയ്യാരം രൂപ എന്ന നിരത്തിൽ 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കണിച്ചത്. പിന്നീട് ഈ ഇടനിലക്കാര്‍ 36 പ്ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാർ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് പ്രസ്തുത ഭൂമി മറച്ചു വില്‍ക്കുകയായിരുന്നു. എന്നാല്‍ അവര്‍ സഭയ്ക്ക് കൈമാറിയത് കേവലം 9 കോടി രൂപമാത്രം. ഈ വില്‍പ്പനിലൂടെ സഭക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായതുമില്ല. സഭയുടെ സമിതികളിൽ ആലോചിക്കാതെ നടത്തിയ ഈ വിൽപ്പന വിവാദമായതോടെ 4 കോടി രൂപ കൂടി ഇടനിലക്കാരൻ സഭയ്ക്ക് കൈമൈാറിയിരുന്നു.

കർദ്ദിനാൾ ആലഞ്ചേരിയായിരുന്നു ഇടനിലക്കാരനായ സാജു വർഗ്ഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ വൈദികർ കൂട്ടത്തോടെ കർദ്ദിനാളിനെതിരെ രംഗത്ത് വന്നിരുന്നു. അതിരൂപതയിൽ ഭരണ പ്രതിസന്ധിവരെ സംജാതമായതോടെ വത്തിക്കാൻ നേരിട്ട് ഇടപെടുകയും എറണാകുളം – അങ്കമാലി അതിരൂപയ്ക്ക് പുതിയ അഡിമിനിസ്ട്രേറ്ററെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് വത്തിക്കാന്‍റെ നിര്‍ദ്ദേശാനുസരണം ഭൂമി ഇടപാടില്‍ അന്വേഷണം ഏര്‍പ്പെടുത്തുകയും അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് വത്തിക്കാനില്‍ എത്തിക്കുവാനായി ഇന്ന് സഭാ നേതൃത്വത്തിന് കൈമാറിയിരിക്കുകയാണ്.

 

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares