സ്വപ്ന സുരേഷിനെ വരുതിയിലാക്കാന്‍ നീക്കം. തളിപ്പറമ്പ് പൊലീസും കേസെടുത്തു

Print Friendly, PDF & Email

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സ്വപ്ന സുരേഷിനെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയയ്ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിലാണ് കേസ്.

പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.

ബംഗളുരുവിൽ നിന്നാണ് സ്വപ്ന സുരേഷ് തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെ അടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെങ്കിലും പാര്‍ട്ടി കേസ് നേരിട്ടെടുത്ത് മുന്നോട്ട് പോവുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. സ്വപ്ന സംസ്ഥാനത്തിന് പുറത്ത് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കി, പാർട്ടിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും നേരെ തുടർച്ചയായി വെല്ലുവിളി നടത്തുന്നത് എന്ന് സിപിഎം വിലയിരുത്തുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി സ്വപ്നയെ സമ്മർദ്ദത്തിലാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.