സാമ്പത്തിക പ്രതിസന്ധി പോലീസ് സ്റ്റേഷനുകളെ ബാധിച്ചുതുടങ്ങി. പോലീസ് വാഹനങ്ങൾ കട്ടപ്പുറത്തേക്ക്…

Print Friendly, PDF & Email

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി. വൻ കുടിശ്ശിക കാരണം പമ്പുകളിൽനിന്ന് ഇന്ധനം കടമായി നൽകുന്നത് നിലച്ചതോടെ പോലീസ് വാഹനങ്ങളുടെ ഓട്ടവും നിലയ്ക്കുന്ന അവസ്ഥയാണ്‌. പല പെട്രോൾപമ്പുകളിലും ഒരുകോടി രൂപവരെ നൽകാനുണ്ട്. ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് രണ്ട്‌ വാഹനങ്ങളുണ്ടാകും. ഓരോ വാഹനത്തിനും മാസം ശരാശരി 200 ലിറ്റർ ഇന്ധനമാണ് അനുവദിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ഇതിന്‌ നിയന്ത്രണമില്ല. നിശ്ചിത പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. മിക്കവാറും പമ്പുകളും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്‌. അതത്‌ മാസത്തിൽതന്നെ ഇന്ധനവില അടയ്ക്കുകയാണ് പതിവ്. സാമ്പത്തികവർഷം അവസാനിക്കാറായിട്ടും കുടിശ്ശിക അടയ്ക്കാത്തതിനാലാണ് പോലീസ് വാഹനങ്ങൾക്ക് കടമായി ഇനി ഇന്ധനം നൽകേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്. ഇന്ധന പ്രതിസന്ധി കാരണം ഓട്ടം പരമാവധി കുറയ്ക്കണമെന്ന നിർദേശം വാക്കാൽ പോലീസ് സ്റ്റേഷനുകൾക്ക് നൽകിയിട്ടുണ്ട്.