രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നു. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാന്‍ സർക്കാർ ഉത്തരവ് .

Print Friendly, PDF & Email

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽതാർ എം ഐ രവീന്ദ്രൻ ദേവികുളം താലൂക്കിൽ കൂട്ടത്തോടെ അനുവദിച്ച പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. പട്ടയങ്ങള്‍ നല്‍കുന്നതിന് ഡപ്യൂട്ടി ദഹസില്‍ ദാര്‍ക്ക് അധികാരമില്ലെന്നിരിക്കെ തന്റെ അധികാര പരിധി മറികടന്നാണ് അനധികൃത കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്‍കിയതെന്നാണ് ആരോപണം. ഈ പട്ടയങ്ങള്‍ 45 ദിവസത്തിനുള്ളിൽ റദ്ദാക്കി നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷം സർക്കാർ ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലെ 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക.

1998ലാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ മൂന്നാറിൽ നൽകുന്നത്. ഇവ വ്യാജമാണെന്ന് കണ്ടെത്തുന്നത് 2007ലെ മൂന്നാർ ദൗത്യ കാലത്തും. അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുവാന്‍ വിഎസ് അച്യുതാനന്ദന്‍ ഗവര്‍മ്മെന്‍റിന്‍റെ കാലത്ത് കുടിയേറ്റങ്ങള്‍ ഒഴുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ നടത്തിയ പ്രതിക്ഷേധങ്ങളും കോളിളക്കം സൃഷ്ടിച്ചിരുന്നു. അതോടെ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്ന ശ്രമം ഉപേക്ഷിച്ച സര്‍ക്കാര്‍ തുടര്‍ന്ന് 18.6.2019 ലായിരുന്നു പട്ടയംങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുതിയ നടപടി.

രവീന്ദ്രൻ പട്ടയം നാടെങ്ങും; സ്വന്തം ഭൂമിക്ക്​ പട്ടയം ദാ... ഇപ്പോൾ |  Madhyamam
എം ഐ രവീന്ദ്രൻ

ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയാണെന്ന ആക്ഷേപം മുന്പേ ഉയര്‍ന്നിരുന്നു. മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരുള്‍പ്പെടെ പല പ്രമുഖരും കൈവശം വെച്ചിരിക്കുന്നത് അന്നത്തെ രവീന്ദ്രന്‍ പട്ടയങ്ങളാണ്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ ഹോം സ്‌റ്റേകള്‍ എന്നിവയിലാണ് കൂടുതലും രവീന്ദ്രന്‍ പട്ടയങ്ങള്‍ നല്‍കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരടക്കം ഇത്തരത്തില്‍ ഭൂമി കയ്യേറുകയും രവീന്ദ്രന്‍ പട്ടയങ്ങള്‍ നേടി ഭൂമി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ് രവീന്ദ്രൻ. രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമെന്ന് ആദ്യം പറഞ്ഞ സർക്കാർ പിന്നീട് കോടതികളിൽ നിലപാട് മാറ്റിയതും വിവാദമായിരുന്നു.

ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് 45 ദിവസത്തിനുള്ളിൽ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് പുതിയ ഉത്തരവ്, പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇതും ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. നടപടികൾ തീർക്കണം.

.