കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി വച്ചു

Print Friendly, PDF & Email

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി വച്ചു. യെദ്യൂരപ്പയുടെ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിനിടയിലാണ് നാടകീയമായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്‌. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ദേശിയ അധ്യക്ഷൻ ജെപി നദ്ദയെ രാജിക്കാര്യം അറിയിച്ചുവെന്നും യെദ്യൂരപ്പ വ്യക്തമാക്കി. വളരെ വികാരാഭരിതനായി വിതുമ്പികൊണ്ടാണ് യെദ്യൂരപ്പ തന്‍റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. 78 കാരനായ യെദ്യൂരപ്പ ദക്ഷിണേന്ത്യയിലെ ആദ്യത്തേയും ഒരേയൊരു ബിജെപി മുഖ്യമന്ത്രിയുമാണ്. 2019 ജൂലായിൽ ഓപ്പറേഷന്‍ താമരയിലൂടെ എംഎല്‍‍എമാരെ ചാക്കിട്ടുപിടിച്ച് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പുറത്താക്കിയാണ് അധികാരമേറ്റത്.

കര്‍ണ്ണാടകത്തില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച യദ്യൂരപ്പക്കെതിരെ കഴിഞ്ഞ ഒരുമാസമായി അണിയറ നീക്കങ്ങള്‍ നടന്നു വരുകയായിരുന്നു. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങളും അടുത്തിടെ ശക്തമായിരുന്നു‍. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ യദ്യൂരപ്പയുടെ വഴി പുറത്തേക്കാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. ഈ ചര്‍ച്ചയില്‍ മക്കളായ ബി വൈ വിജയേന്ദ്രയെയും, ബി വൈ രാഘവേന്ദ്രയെയും പാർട്ടിയിലും മന്ത്രിസഭയിലും പരിഗണിക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നില്‍ ആവശ്യമുന്നയിച്ചതായാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവായ തനിക്കു പകരം അതേ സമുദായത്തില്‍ നിന്ന് മറ്റൊരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുരുതെന്നും ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

ബസവരാജെ ബോമ്മ, സി ടി രവി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് . എന്നാൽ കർണാടക മുഖ്യമന്ത്രി ആയേക്കുമെന്ന വാർത്തകൾ പ്രഹ്ലാദ് ജോഷി തള്ളി. സംസ്ഥാനത്ത് നിന്നുള്ള മന്ത്രി മുരുകേഷ് നിരാനിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുനീക്കവുമായി രംഗത്തുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •