ഉത്തര്‍പ്രദേശിനെ മൂന്നായി വിഭജിക്കുവാന്‍ നീക്കം
ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവുമധികം ജനപ്രതിനിധികളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന സംസ്ഥാനവുമായ ഉത്തർപ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചന. ഉത്തർപ്രദേശിനെ വിഭജിക്കുമ്പോൾ യു.പിയ്ക്ക് പുറമെ പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ് എന്നീ പേരിലാവും പുതിയ സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ് വിഭജിച്ചാൽ ഇവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികളായ സമാജ് വാദി പാർട്ടിക്കും ബി.എസ്.പിക്കും അത് തിരിച്ചടിയാകും. അവരുടെ വോട്ട് ബാങ്ക് തകർക്കുക എന്ന ലക്ഷ്യംകൂടി യു.പിയെ മൂന്നാക്കുന്നതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. മുൻ മുഖ്യമന്ത്രി മായാവതി ഉത്തർപ്രദേശിനെ അഞ്ചായി വിഭജിക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കൂടാതെ ഉത്തർപ്രദേശിലെയും ഹരിയാനയിലേയും ചില ഭാഗങ്ങൾ ഡൽഹിയിലേക്ക് കൂട്ടിചേർത്ത് ഡല്‍ഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, റോഹ് തക്ക്, റിവാടി, പൽവാൽ എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ്, ബുലന്ത്ഷഹർ, ബാഗ്പത് എന്നിവിടങ്ങളും സഹാറൻപൂരിലെ മൂന്നു ജില്ലാ ഡിവിഷനുകളുമാവും ഡൽഹിയിൽ ലയിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഈ പ്രദേശങ്ങളെല്ലാം കൂടിചേർത്ത് ഡൽഹിയെ പൂർണ പദവിയുള്ള സംസ്ഥാനമാക്കുന്നതിനെ എഎപിയും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽ നികുതി പിരിക്കുന്ന നോയിഡ വിട്ടു കൊടുക്കാൻ ഉത്തർപ്രദേശും ഗുരുഗ്രാമിന്റെ കാര്യത്തിൽ ഹരിയാനയും തീരുമാനമറിയിക്കാത്തതാണ് കേന്ദ്ര സർക്കാർ നേരിടുന്ന തടസം.