കൃത്യമായ കണക്കു കൂട്ടലോടെ ഉടച്ചുവാര്‍ക്കല്‍. സഹകരണ വകുപ്പിന് പുതിയ മന്ത്രാലയം.
മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചുവാര്‍ത്തത് കൃത്യമായ കണക്കു കൂട്ടലോടെ. ഇതോടെ “എക്കാലത്തെയും പ്രായം കുറഞ്ഞ” മന്ത്രി സഭായിരിക്കുകയാണ് രണ്ടാം മോദി മന്ത്രിസഭ. ഇതോടെ മന്ത്രിസഭയുടെ ശരാശരി പ്രായം 61ല്‍ നിന്ന് 58 വയസ്സായി കുറഞ്ഞു. ഇപ്പോഴത്തെ കേന്ദ്ര മന്ത്രി മാരില്‍ കുറഞ്ഞ പ്രായം 35 വയസും പരമാവധി 69 വയസും ആണ്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് ഉത്തര ബംഗാളിലെ രാജ്ബോങ്ഷി നേതാവ് നിസിത് പ്രമാണിക്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 5 പേർ 65-69 പ്രായപരിധിയിൽ ഉൾപ്പെടുന്നു. 6 കാബിനറ്റ് മന്ത്രിമാരും 14 സംസ്ഥാന മന്ത്രിമാരും ഉൾപ്പെടെ 20 അംഗങ്ങൾ 50 വയസ്സിന് താഴെയുള്ളവരാണ്. 2 കാബിനറ്റ് മന്ത്രിമാരും 9 സംസ്ഥാന മന്ത്രിമാരും ഉൾപ്പെടെ 11 ആണ് മന്ത്രിസഭയിലെ ആകെ സ്ത്രീകളുടെ എണ്ണം. കേന്ദ്ര മന്ത്രിസഭയിലെ സ്ത്രീകളുടെ ശരാശരി പ്രായം 52 വയസും കുറഞ്ഞ പ്രായം 40 ഉം പരമാവധി പ്രായം 61 വയസും ആണ്. 6 സ്ത്രീകളെയാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം ഗണ്യമായി ഉയര്‍ന്നു.
രണ്ടാം മോദി സര്‍ക്കാരിലെ ആദ്യ പുനഃസംഘടനയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. രാജ്യത്ത് പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്‍കി. ഇതോടെ രാജ്യത്തെ ആദ്യ സഹകരണ മന്ത്രിയായി അമിത് ഷാ മാറി. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രധാനമന്ത്രിക്കാണ്. മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രാസവള വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനാണ്. ഹര്‍ദീപ് സിങ് പുരിക്കാണ് പെട്രോളിയും വകുപ്പ്. റെയില്‍വേ, ഐടി-കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ചുമതല അശ്വനി വൈഷ്ണവിനാണ്. നിയമവകുപ്പ് കിരണ്‍ റിജ്ജുവിനും വനിതാ ശിശുക്ഷേമ വകുപ്പ് വകുപ്പ് മഹേന്ദ്രഭായി മുഞ്ഞപ്പാറയ്ക്കും ലഭിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഐടി സഹമന്ത്രിയാകും പീയുഷ് ഗോയലിന് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് ലഭിക്കും. സര്‍ബാനന്ദ സോനോവാളിനാണ് ജലഗതാഗതം, ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസമന്ത്രിയാകും. അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല. എന്നിവ കൈകാര്യം ചെയ്യും. വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനൊപ്പം മീനാക്ഷി ലേഖിയെയും ഉള്‍പ്പെടുത്തി.
രാഷ്ട്രീയ ലക്ഷ്യമിട്ട് സമുദായപ്രാതിനിധ്യവും ഉറപ്പിച്ചിട്ടുണ്ട്. മറ്റുപിന്നാക്ക വിഭാഗങ്ങളിൽ(ഒ.ബി.സി.)നിന്ന് മൂന്ന് കാബിനറ്റ് പദവിക്കാരടക്കം 27മന്ത്രിമാരുണ്ട്. രണ്ടുകാബിനറ്റ് മന്ത്രിമാരടക്കം പട്ടികജാതി വിഭാഗത്തിൽനിന്ന് 12 പേരും മൂന്ന് കാബിനറ്റ് മന്ത്രിമാരടക്കം പട്ടികവർഗ വിഭാഗത്തിൽനിന്ന് എട്ടുപേരും മന്ത്രിസഭയിലുണ്ട്. മൂന്നുകാബിനറ്റ് മന്ത്രിമാരടക്കം ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രാതിനിധ്യവും വർധിച്ചു. മുസ്‍ലിം 1, സിഖ് 1, ക്രിസ്ത്യൻ 1, ബുദ്ധിസ്റ്റുകൾ 2എന്നിങ്ങനെയാണ് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം. ബ്രാഹ്മണർ, ക്ഷത്രിയർ, ബനിയ, ഭൂമിഹാർ, കായസ്ത്, ലിംഗായത്, ഖത്രി, കാഡ്വ, ലോവ് പട്ടേൽ,മറാത്ത, റെഡ്ഡി എന്നിങ്ങനെ മറ്റ് സമുദായങ്ങളിൽനിന്ന് 29 മന്ത്രിമാർ.
25 സംസ്ഥാനങ്ങളുടെ പ്രാതിനിധ്യമാണ് പുനഃസംഘടനയ്ക്കുശേഷം മോദിമന്ത്രിസഭയ്ക്കുള്ളത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസ്ഥാനം വാരികോരി കൊടുത്തിരിക്കുകയാണ്. 7 പേരാണ് യുപിയില്‍ നിന്നു തന്നെ പുതുതായി മന്ത്രിസഭയിലേക്ക് എത്തിയിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനങ്ങൾക്കുള്ളിലെ വിവിധ മേഖലകൾക്കും പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കുന്നു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ, അവധ്, ബ്രജ്, ബുന്ദേൽഖണ്ഡ്, രോഹിലാ ഖണ്ഡ്, പശ്ചിംപ്രദേശ്, ഹരിതപ്രദേശ് തുടങ്ങിയ പ്രാദേശികമേഖലകളെ പ്രതിനിധാനം ചെയ്യാൻ മന്ത്രിമാരുണ്ട്. സമാനമായി മറ്റുസംസ്ഥാനങ്ങളിലും ഈ ഘടനയാണ് പാലിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ 36 പുതിയ മുഖങ്ങളിൽ എട്ട് അഭിഭാഷകർ, നാല് ഡോക്ടർമാർ, രണ്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ, നാല് എംബിഎ ബിരുദധാരികൾ, കൂടാതെ നിരവധി എഞ്ചിനീയർമാർ, ആണുള്ളത്. ഇതോടെ മോദി സര്‍ക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പ്രൊഫഷണലുകളുടെ മന്ത്രസഭയായി മാറുകയാണ്. ഉയർന്ന യോഗ്യതയുള്ള അംഗങ്ങളെയും സംസ്ഥാനങ്ങളിലെ ഭരണ പരിചയമുള്ളവരെയും കൊണ്ടുവരുന്നതിലൂടെ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളെ റീബൂട്ട് ചെയ്യുക എന്ന ഉദ്ദേശമാണ് മോദിക്കുള്ളത് എന്ന് വ്യക്തം.